സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ അവസാന വിധി ഇന്ന് അറിയാം. കേരളം ഇന്ന് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ സർവീസസിനെ നേരിടും. ഇന്ന് വിജയിച്ചാൽ പോലും സന്തോഷ് ട്രോഫി ഫൈനലിൽ എത്താതെ കേരളം മടങ്ങിയേക്കാം. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതാണ് കേരളത്തിനെ ഈ ദുരിതാവസ്ഥയിൽ എത്തിച്ചത്. ഇതുവരെ ആയിട്ട് ഒരു ഗോൾ അടിക്കാൻ വരെ കേരളത്തിനായിട്ടില്ല.
ഇനി പോണ്ടിച്ചേരിയുടെ കയ്യിലാണ് കേരളത്തിന്റെ ഭാവിയിരിക്കുന്നത്. 4 പോയന്റുമായി തെലുങ്കാന ആണ് ഗ്രൂപ്പിൽ ഇപ്പോൾ ഒന്നാമത്. സർവീസസിന് മൂന്ന് പോയന്റും, രണ്ട് സമനില മാത്രമുള്ള കേരളത്തിന് രണ്ട് പോയന്റും പോണ്ടിച്ചേരിക്ക് 1 പോയന്റുമാണ്. ഗ്രൂപ്പിലെ ഏറ്റവും ദുർബലരായ പോണ്ടിച്ചേരിയുമായി തെലുങ്കാന ഇന്ന് ഏറ്റുമുട്ടും. ആ ഫലം ആകും കേരളത്തിന്റെ ഭാവിയും തീരുമാനിക്കുക.
പോണ്ടിച്ചേരിയുനായുള്ള മത്സരം വിജയിച്ചാൽ തെലുങ്കാന ഫൈനൽ റൗണ്ടിൽ എത്തും. ആ മത്സരം സമനിലയിൽ ആവുകയാണെങ്കിൽ സർവീസസിനെ മൂന്ന് ഗോളുകൾ വ്യത്യാസത്തിൽ തോൽപ്പിച്ചാൽ കേരളത്തിൻ ഫൈനൽ റൗണ്ടിൽ എത്താം.
തെലുങ്കാനയെ പോണ്ടിച്ചേരി പരാജയപ്പെടുത്തുക ആണെങ്കിൽ സർവീസസിനെ ഏതു സ്കോറിൽ തോല്പ്പിച്ചാലും കേരളത്തിൽ ഫൈനൽ റൗണ്ടിലേക്ക് കടക്കാം. ഈ ഫലങ്ങൾ ഒക്കെ കേരളത്തിന് അനുകൂലമായില്ല എങ്കിൽ ഫൈനൽ റൗണ്ട് കാണാതെ ചാമ്പ്യന്മാർ മടങ്ങുന്ന ദയനീയ കാഴ്ച കേരള ഫുട്ബോൾ പ്രേമികൾ കാണേണ്ടി വരും.