മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ കീരീടം നിലവിലെ ചാംപ്യന്മാരായ ബിഎസ്എഫിനെ തോല്‍പിച്ച് സിആര്‍പിഎഫ് നേടി. സഡന്‍ഡെത്തിലായിരുന്നു വിജയം.(8-7) 2006ലും 2009ലും റണ്ണേഴ്‌സായ സിആര്‍പിഎഫിന്റെ ആദ്യ കിരീടമാണിത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോളുകളൊന്നും നേടിയിരുന്നില്ല. ഇരുടീമുകളും ഒമ്പത് കിക്കുകളെടുത്തപ്പോള്‍ സിആര്‍പിഎഫിന്റെ രമന്‍ദീപ് സിങ്ങിന്റെ കിക്ക് പുറത്തുപോയി. ബിഎസ്എഫിന്റെ നിലാംബര്‍ സിങ്ങിന്റേയും തല്‍വീന്ദര്‍ സിങ്ങിന്റേയും കിക്കുകള്‍ ഗോള്‍കീപ്പര്‍ മോസസ് ആന്റണിയുടെ പകരക്കാരനായ ഗോള്‍കീപ്പര്‍ ശക്തിദാസ് ശ്യാം തടുത്തു. വിജയികളുടെ അവസാന കിക്ക് ദഷ്പ്രീത് സിങ് ലക്ഷ്യം നേടി.
ആദ്യ പകുതിയുടെ മുന്നേറ്റത്തില്‍ സിആര്‍പിഎഫ് മുന്നിട്ടു നിന്നു. 13-ാം മിനിറ്റില്‍ ദഷ്പ്രീത് സിങ്ങിന്റെ കൃത്യമാര്‍ന്ന ക്രോസ് കീപ്പര്‍ മുന്നോട്ടു കയറി പിടിച്ചെടുത്തുവെങ്കിലും കൈയില്‍ നിന്നും വഴുതി. ബിഎസ്എഫ് പ്രതിരോധ നിര അടിച്ചകറ്റി. തുടര്‍ന്ന് ബോക്‌സിന് പുറത്ത് നിന്നും ഒരു ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 35-ാം മിനിറ്റില്‍ സിആര്‍പിഎഫിന്റെ അമൂച്ചയുടെ കേരളത്തിനെതിരെ ഗോളടിച്ച ഇന്ദ്രര്‍ജീതിന് കൈമാറി. എന്നാല്‍ ഗോളിയുടെ മുന്നില്‍ വെച്ച് പുറത്തേക്കടിച്ചു. ഇതിനിടെ ബിഎസ്എഫ് രണ്ട് മുന്നേറ്റം നടത്തി. സ്റ്റാര്‍ സ്‌ട്രൈക്കര്‍ അവിനാഷ് ഥാപ്പയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. വീണ്ടും അവിനാഷ് ഥാപ്പ-ക്യാപ്റ്റന്‍ പി എച്ച് ബോയ്‌സിങ്ങും നടത്തിയ അപകടം സിആര്‍പിഎഫിന്റെ മലയാളി ഗോള്‍കീപ്പര്‍ മോസസ് ആന്റണി കുത്തിവിട്ടു.
രണ്ടാം പകുതിക്ക് ശേഷവും പാരാമിലിറ്ററി ഫോഴ്‌സിന്റെ ആക്രമണം തുടര്‍ന്നു. ദര്‍ലാല്‍ രാംസിങ്ങിന്റെ നല്ലൊരു ഷോട്ട് ബാറിനുരുമ്മി പുറത്തുപോയി. 80-ാംമിനിറ്റില്‍ ബിഎസ്എഫിന്റെ സന്തോഷ് ട്രോഫി താരം ഹേംബ്രാമിന്റെ മൂലയില്‍ നിന്നുള്ള ഷോട്ട് മോസസ് ആന്റണി പറന്നു പിടിച്ചു. ഇന്ദര്‍ജീതിന്റെ ഗോള്‍ ശ്രമം ബിഎസ്എഫ് കീപ്പര്‍ തടുത്തിട്ടു. റീബൗണ്ട് ഉയര്‍ന്നു പോയി. എക്‌സ്ട്രാ ടൈമിന്റെ ഒന്നാം പകുതിയില്‍ സിആര്‍പിഎഫ് ടൈബ്രേക്കറിന് വേണ്ടിയെന്നോണം പ്രതിരോധത്തിന് കുടുതല്‍ പ്രാധാന്യം കൊടുത്തതോടെ പന്ത് സ്വന്തം ഹാഫിലേക്ക വന്നതോടെ മുന്‍തൂക്കം ബിഎസ്എഫിനായി.
രണ്ടാംപകുതിയില്‍ സിആര്‍പിഎഫും മുന്നേറി. ഡിഐജി (എപി ബറ്റാലിയന്‍) പി പ്രകാശ് കളിക്കാരുമായി പരിചയപ്പെട്ടു. ലൂസേഴ്‌സ് ഫൈനലില്‍ കേരളത്തിന് നാലാം സ്ഥാനം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ പഞ്ചാബ് പോലീസിനോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളം തകര്‍ന്നത്. പഞ്ചാബിന് വേണ്ടി ജഗദീപ് സിംങ് ഹാട്രിക് നേടി. അമന്‍ദീപ് ഒരു ഗോളും സ്‌കോര്‍ ചെയ്തു. സെമിയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ടീമിന്റെ പ്രകടനം വളരെ മോശം നിലവാരം പുലര്‍ത്തി.
പരിക്ക് മൂലം ഗോള്‍കീപ്പര്‍ നിഷാദിന് പകരം മെല്‍ബിനെ പരീക്ഷിച്ചു.നാലു ഗോളുകളും വീണത് ആദ്യ പകുതിയിലാണ്. രണ്ടാംപകുതിയില്‍ കേരള പോലീസ് ടീം കൃത്യതയുള്ള വണ്‍ ടെച്ച് ഗെയിം പുറത്തെടുത്തെങ്കിലും ലക്ഷ്യം നേടാനായില്ല. ഒരുതവണ അഖില്‍ജിതും രണ്ട് തവണ സുജിലും മാത്രമാണ് പഞ്ചാബ് ഗോള്‍കീപ്പറെ പരീക്ഷിച്ചത്. പന്ത് കൈമാറുന്നതിലുള്ള വേഗതയില്ലായ്മയാണ് പലപ്പോഴും ടീമിന് തടസ്സമായത്.
കളി തീരാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ ഉയര്‍ന്നു വന്ന പന്ത് പിടിച്ചെടുക്കുന്നിനിടെ ജഗദീപ് സിങ്ങുമായി കൂട്ടിയിടിച്ച വീണ മെല്‍ബിനെ സ്ട്രച്ചറിലാണ് കൊണ്ടു പോയത്. പകരം ഡിഫന്റര്‍ ശ്രീരാഗ് ആണ് പിന്നീട് വല കാത്തത്. ഇന്നലെ ഐ എം വിജയനെ പുറത്തിരുത്തിയാണ് മത്സരം പൂര്‍ത്തിയാക്കിയത്.
വര്‍ണ്ണശബളമായ 37 ടീമുകളുടെ മാര്‍ച്ച് പാസ്റ്റിന് ശേഷം വിജയികള്‍ക്കുള്ള ട്രോഫികള്‍ അഡീ. ഡയറക്ടര്‍ (ഐ.ബി)എം ഹരിസേന വര്‍മ്മയും മൂന്നാം സ്ഥാനക്കാരായ പഞ്ചാബ് ടീമിന് മുന്‍ ഇന്റര്‍നാഷണല്‍ താരം ഐ എം വിജയനും വിതരണം ചെയ്തു. ഫൈനലില്‍ മോസസ് ആന്റണി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.