ഓടുന്നതിനേക്കാൾ വേഗത്തിൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരിക്കുകയാണ് ഉസൈൻ ബോൾട്ട്. പ്രൊഫഷണൽ ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹവുമായി നടന്ന ലോക സ്പ്രിന്റിങ് ഇതിഹാസം ഉസൈൻ ബോൾട്ട് താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ഇനി പ്രൊഫഷണൽ ഫുട്ബോളറാകാൻ ശ്രമിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. സ്പ്രിന്റിങിൽ നിന്ന് വിരമിച്ച ഉസൈൻ ബോൾട്ട് പിന്നീട് ഫുട്ബോളിലേക്ക് തിരിഞ്ഞിരുന്നു.
നിരവധി പ്രശസ്ത ക്ലബുകളിൽ ട്രയൽസ് നടത്തിയ ബോൾട്ട് ഓസ്ട്രേലിയൻ ക്ലബായ മറൈനേഴ്സിലൂടെ തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തിയിരുന്നു. ഒരു സന്നാഹ മത്സരത്തിൽ ഇരട്ട ഗോളുകളുമായാണ് ബോൾട്ട് ഫുട്ബോളിലേക്കുള്ള തന്റെ വരവ് അറിയിച്ചത്. എന്നാൽ പിന്നീട് ബോൾട്ടും ക്ലബുമായി കരാർ ചർച്ചകളിൽ ഉടക്കുകയും ബോൾട്ട് ക്ലബ് വിടുകയും ചെയ്തു.
ഫുട്ബോളിൽ തുടരുമെന്ന് തന്നെ അറിയിച്ചിരുന്നു എങ്കിലും അത് ഫലത്തിൽ ആകില്ല എന്ന് ബോധ്യം വന്നതോടെ ആ ശ്രമം താരം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഫുട്ബോളർ ആയുള്ള ചെറിയ കാലം വലിയ തോതിൽ ആസ്വദിച്ചു എന്ന് ബോൾട്ട് വിരമിക്കൽ പ്രഖ്യാപനത്തിൽ പറഞ്ഞു.