ഇതെന്നും സംഭവിക്കില്ല, ഇന്ത്യ തിരിച്ചടിക്കും

Sports Correspondent

സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 4/3 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് പ്രകടനം വല്ലപ്പോളുമൊരിക്കല്‍ സംഭവിക്കുന്നതാണെന്ന് പറഞ്ഞ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇതെന്നും സംഭവിക്കില്ലെന്നും ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും ഭുവനേശ്വര്‍കുമാര്‍ പറഞ്ഞു. ഇത് അപൂര്‍വ്വമായി മാത്രം ഞങ്ങള്‍ക്ക് സംഭവിക്കുന്നതാണ്. വളരെ അധികം ക്രിക്കറ്റ് കളിക്കുന്നത് ഇതിനു ഇടയാക്കുന്നു എന്നാണ് ഭുവനേശ്വര്‍ പറഞ്ഞത്.

പരമ്പര തോല്‍ക്കുമെന്ന ഭയം ഇന്ത്യയ്ക്കില്ല. സമാനമായ സാഹചര്യത്തില്‍ പണ്ടും ഇന്ത്യ വന്ന് പെട്ടിട്ടുണ്ട്. അവിടെ നിന്ന് ജയിക്കുകയും ചെയ്തിട്ടുണ്ട്. പരമ്പര വിജയിക്കുക എന്നത് അസംഭവ്യമല്ലെന്ന് ഞങ്ങള്‍ക്കറിയാം എന്നാല്‍ പ്രയാസകരമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു, കാരണം നാട്ടില്‍ നിന്ന് ദൂരെയാണ് കളിക്കുന്നതെന്നതാണ്.

ഇനിയുള്ള രണ്ട് മത്സരങ്ങളും നോക്ക്ഔട്ട് എന്ന പോലെയാണ് കളിക്കേണ്ടത്. തോല്‍വി പാടില്ലെന്ന രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ടീം ഇന്ത്യ കൈക്കൊണ്ടിരിക്കുന്നതുന്നും ഭുവനേശ്വര്‍ പറഞ്ഞു.