മെസ്സി ആ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നു. 400 ലീഗ് ഗോളുകൾ എന്ന അപൂർവ്വ നേട്ടത്തിലേക്ക് എത്താൻ ഇന്ന് ഐബറിനെതിരെ കളി തുടങ്ങുമ്പോൾ ഒരു ഗോൾ മാത്രമെ മെസ്സിക്ക് വേണ്ടിയിരുന്നുള്ളൂ. ഇന്ന് കളിയുടെ 56ആം മിനുട്ടിൽ നേടിയ ഗോളിലൂടെ മെസ്സി ആ നേട്ടത്തിൽ എത്തി. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ആദ്യമായാണ് ഒരു താരം ഒരു ലീഗിൽ മാത്രമായി നാഞ്ഞൂറു ഗോളുകൾ നേടുന്നത്.
ബുണ്ടസ് ലീഗയിൽ ജെറാഡ് മുള്ളറുടെ 365 ഗോളുകൾ, പ്രീമിയർ ലീഗിൽ അലൻ ഷിയററുടെ 260 ഗോളുകൾ, ഫ്രാൻസിൽ ഡെല്ലോ ഒന്നിസ് നേടിയ 299 ഗോളുകൾ, ഇറ്റലിയിൽ സില്‍വിയോ പിയോള നേടിയ 274 ഗോളുകൾ എന്നിവയാണ് മറ്റു ലീഗുകളിലെ ടോപ്പ് സ്കോററുടെ ഗോൾ കണക്ക്.
ലാലിഗയിൽ മെസ്സിക്ക് പിറകിലായി 311 ഗോളുകൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് ഉള്ളത്. റൊണാൾഡോ ലീഗ് വിട്ടതോടെ ഇനി ആരും മെസ്സിയുടെ റെക്കോർഡിലേക്ക് അടുത്ത് ഒന്നും എത്താൻ സാധ്യതയില്ല. ഈ സീസണിൽ മാത്രം മെസ്സി 17 ഗോളുകൾ നേടി.