സീസണിലെ ദയനീയ പ്രകടനങ്ങൾ കണക്കിലെടുത്ത് പരിശീലക സ്ഥാനത്ത് നിന്ന് ബിനോ ജോർജ്ജിനെ മാറ്റാൻ ഗോകുലം കേരള എഫ് സി ഒരുങ്ങുന്നതായി വിവരങ്ങൾ. അവസാന ഏഴു മത്സരങ്ങളിലും വിജയിക്കാൻ കഴിയാത്ത ഗോകുലം കേരള എഫ് സി അവസാന മൂന്ന് മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തിരുന്നു.
സീസൺ പകുതിയിൽ അധികം കഴിഞ്ഞിട്ടും ഇപ്പോൾ ആകെ 10 പോയന്റു മാത്രമെ ഗോകുലം കേരള എഫ് സിക്ക് ഉള്ളൂ. 12 മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ജയമാണ് ഗോകുലത്തിന്റെ സമ്പാദ്യം. സീസൺ മികച്ച രീതിയിൽ തുടങ്ങിയതിന് ശേഷമാണ് ടീം ഈ നിലയിലേക്ക് കൂപ്പു കുത്തിയത്.
ഈ അവസ്ഥയ്ക്ക് പരിഹാരം നേടാൻ ആണ് ഗോകുലം മാനേജ്മെന്റ് ശ്രമിക്കുന്നത്. മുൻ ഐസാൾ പരിശീലകനായ ഗിഫ്റ്റ് റൈഖാനുമായി ഗോകുലം മാനേജ്മെന്റ് ചർച്ചകൾ നടത്തിയതായി വിവരങ്ങൾ ഉണ്ട്. കഴിഞ്ഞ ആഴ്ച ഐസാൾ പരിശീലക സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ആളാണ് റൈഖാൻ. കഴിഞ്ഞ സീസണിൽ നെരോകയെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ റൈഖാന് ആയിരുന്നു.
ബിനോ ജോർജ്ജിനെ ടെക്നിക്കൽ ഡയറക്ടറുടെ റോളിലേക്ക് മാറ്റാൻ ആയിരിക്കും ക്ലബ് തീരുമാനം. നേരത്തെ സ്പാനിശ് പരിശീലകൻ വരേല വന്നപ്പോൾ ക്ലബിന്റെ ടെക്നിക്കൽ ഡയറക്ടർ റോളിൽ ബിനോ ജോർജ്ജ് പ്രവർത്തിച്ചിരുന്നു.