മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നല്ലകാലം അവസാനം തിരികെയെത്തി. ഇന്ന് എഫ് എ കപ്പിൽ റീഡിംഗിനെ കൂടെ പരാജയപ്പെടുത്തിയതോടെ തുടർച്ചയായ അഞ്ച് ജയങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. സോൾഷ്യാർ ചുമതലയേറ്റ ശേഷം കളിച്ച അഞ്ചിലും വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ മാറ്റ് ബുസ്ബി 1940കളിൽ നേടിയ റെക്കോർഡിനൊപ്പം ഒലെ ഇതോടെ എത്തി. ഒരു മാനേജർക്കും ഇതിലും നല്ല തുടക്കം യുണൈറ്റഡിൽ കിട്ടിയിട്ടില്ല.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ റീഡിംഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 9 മാറ്റങ്ങളുമായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ റാഷ്ഫോർഡ്, മാർഷ്യൽ, പോഗ്ബ, ഡിഹിയ തുടങ്ങി പ്രമുഖർ ഒന്നും ഉണ്ടായിരുന്നില്ല. ആ കുറവ് പ്രകടനത്തിൽ കാണാനും കഴിഞ്ഞു. നിരവധി മിസ്പാസുകളും മറ്റും യുണൈറ്റഡ് നടത്തി എങ്കിലും ആദ്യ പകുതിയിൽ തന്നെ യുണൈറ്റഡ് 2 ഗോളിന് മുന്നിൽ എത്തി.
വാറിന്റെ സഹായത്തിൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് മാറ്റയും, അലക്സിസ് സാഞ്ചസിന്റെ പാസിൽ നിന്ന് ലുകാകുവും ആണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ഒലെയുടെ കീഴിൽ മൂന്ന് മത്സരങ്ങൾ കളിച്ച ലുകാകു മൂന്നു ഗോളുകളും നേടി. ഈ വിജയത്തിലും സാഞ്ചെസ് പരിക്കേറ്റ് കളം വിട്ടത് യുണൈറ്റഡിന് ആശങ്ക നൽകും. മാഞ്ചസ്റ്ററിനായി ഡച്ച് യുവതാരം തഹിത് ചോങ്ങ് ഇന്ന് തന്റെ സീനിയർ അരങ്ങേറ്റം നടത്തി