മിന്നും ഫോമിലുള്ള സ്പർസിനെ വെംബ്ലിയിൽ വീഴ്ത്തി വോൾവ്സ്. 1-3 ന്റെ ആധികാരിക ജയമാണ് സന്ദർശകർ നേടിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വോൾവ്സ് ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ നടത്തിയ അവിസ്മരണീയ പ്രകടനമാണ് ലീഗിൽ രണ്ടാം സ്ഥാനക്കാരായ സ്പർസിനെ വീഴ്ത്താൻ വോൾവ്സിന് തുണയായത്.
ഹാരി കെയ്ൻ നേടിയ മനോഹര ഗോളായിരുന്നു ആദ്യ പകുതിയിലെ വിത്യാസം. ആധിപത്യം പുലർത്തി കളിച്ച സ്പർസിനെ 22 ആം മിനുട്ടിലാണ് കെയ്ൻ മുന്നിലെത്തിച്ചത്. സോണിൽ നിന്ന് പന്ത് സ്വീകരിച്ച താരം ബോക്സിന് പുറത്ത് നിന്ന് ഇടം കാൽ കൊണ്ട് തൊടുത്ത ഷോട്ട് വലയിൽ പതിക്കുകയായിരുന്നു. വോൾവ്സ് ആകട്ടെ ഏതാനും കോർണറുകൾ ലഭിച്ചത് ഒഴിച്ചാൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനാവാതെ വിഷമിക്കുകയും ചെയ്തു.
രണ്ടാം പകുതിയിൽ വോൾവ്സിന്റെ സമനില ഗോൾ പിറന്നു. ഇത്തവണ മൗട്ടീഞ്ഞോയുടെ കോർണറിൽ നിന്ന് ഡിഫൻഡർ ബോളിയാണ് ഹെഡറിലൂടെ സാന്റോയുടെ ടീമിന് സമനില ഗോൾ സമ്മാനിച്ചത്. പക്ഷെ 82 ആം മിനുട്ടിൽ വെംബ്ലിയെ നിശ്ശബ്ദമാക്കി സ്പർസ് രണ്ടാം ഗോൾ വഴങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. റൗൾ ഹിമനസാണ് ഗോൾ നേടിയത്. 87 ആം മിനുട്ടിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിന് ഒടുവിൽ കോസ്റ്റ ലോറിസിന്റെ വലയിൽ പന്തെത്തിച്ചതോടെ സ്പർസിന്റെ വെംബ്ലി പതനം പൂർത്തിയായി. ആദ്യ പകുതിയിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായ രണ്ടാം പകുതി സ്പർസിന് നഷ്ടപ്പെടുത്തിയത് ലീഗിൽ കിരീട പോരാട്ടത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു ജയം.