ഇന്ത്യ മെല്‍ബേണില്‍ ജയിക്കുന്നില്ലെങ്കില്‍ അതിനു കാരണം പുജാരയുടെ ഇന്നിംഗ്സാണെന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. 319 പന്തില്‍ നിന്ന് 106 റണ്‍സ് നേടിയ പുജാരയുടെ ബാറ്റിംഗ് വേഗതക്കുറവിനെ പരാമ്രശിച്ചാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. വിരാട് കോഹ്ലിയും തന്റെ പതിവു ശൈലിയ്ക്ക് വിപരീതമായാണ് ബാറ്റ് വീശിയത്. 204 പന്തില്‍ നിന്നാണ് ഇന്ത്യന്‍ നായകന് തന്റെ 82 റണ്‍സ് നേടി പുറത്തായത്.
ഇന്ത്യ മത്സരം വിജയിക്കുകയാണെങ്കില്‍ ഈ ഇന്നിംഗ്സ് മികച്ചതെന്ന് വാഴ്ത്തപ്പെടും. എന്നാല്‍ ഓസ്ട്രേലിയയെ രണ്ട് വട്ടം പുറത്താക്കുവാനുള്ള സമയം ടീമിനു ലഭിയ്ക്കുന്നില്ലെങ്കില്‍ അതിനു കാരണം ഈ ഇന്നിംഗ്സാണെന്ന് പുജാരയുടെ ഇന്നിംഗ്സിനെ സൂചിപ്പിച്ച് റിക്കി പോണ്ടിംഗ് പറഞ്ഞു.
പുജാര ക്രീസില്‍ നില്ക്കുമ്പോള് റണ്‍റേറ്റ് ഉയര്‍ത്തുവാന്‍ ഇന്ത്യ പെടാപ്പാട് പെടുമെന്ന് പറഞ്ഞ പോണ്ടിംഗ് താരം റണ്‍സ് നേടുന്നതിനെക്കുറിച്ച് ചിന്താകുലനല്ലെന്നും പറഞ്ഞു. പരമ്പരയിലെ രണ്ടാമത്തെ ശതകമാണ് പുജാര നേടിയത്. താരം ഔട്ട് ആകുമെന്ന തോന്നിപ്പിക്കാതെ മികച്ച ഫോമിലാണ് കളിയ്ക്കുന്നത്. എന്നാല്‍ റണ്‍റേറ്റ് 2 റണ്‍സിനടുത്ത് മാത്രമാണെങ്കില്‍ ഒരു ടീമും ഇതുപോലുള്ള പിച്ചുകളില്‍ ടെസ്റ്റ് മത്സരം വിജയിക്കുവാന്‍ പോണില്ലെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.