മൊറയൂർ അഖിലേന്ത്യാ സെവൻസിന്റെ ഇന്നലെ ഉണ്ടായ ദയനീയ സംഭവങ്ങളിൽ സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ നടപടി. ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തി വെക്കാൻ സെവൻസ് ഫുട്ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ടൂർണമെന്റിനും സംഘാടകർക്കും എതിരെ കൂടുതൽ നടപടിയും ഉണ്ടായേക്കും.
ഇന്നലെ മെഡിഗാഡ് അരീക്കോടും ഫ്രണ്ട്സ് മമ്പാടും തമ്മിൽ നടന്ന മത്സരമായിരുന്നു കയ്യാംകളിയിൽ എത്തിയത്. ഒരു ഓഫ് സൈഡ് ഗോളുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നത്തിൽ താരങ്ങൾ റഫറിയെ മർദ്ദിക്കുകയും ഇതിൽ പ്രകോപിതരായ നാട്ടുകാർ താരങ്ങളെ മർദ്ദിക്കുകയുമായിരുന്നു.
നിരവധി താരങ്ങൾക്ക് മർദ്ദനത്തിൽ പരിക്കേറ്റു. പല താരങ്ങൾക്കും സാരമായി തന്നെ പരിക്കുള്ളതിനാൽ ഇന്ന് ഫ്രണ്ട്സ് മമ്പാടിന് വേറെ ഗ്രൗണ്ടിൽ ഉള്ള മത്സരം പോലും കളിക്കാൻ കഴിയാത്ത അവസ്ഥയാണ്. താരങ്ങൾക്ക് ഏറ്റ ഈ മർദ്ദനത്തിൽ വ്യാപക പ്രതിഷേധം ഫുട്ബോൾ ആരാധകരിൽ നിന്നും ഉയർന്നിരുന്നു.
മത്സരം രണ്ടിനെതിരെ 5 ഗോളുകൾക്ക് മെഡിഗാഡ് അരീക്കോട് വിജയിച്ചു. കളിയുടെ അവസാനം മർദ്ദനമേറ്റ താരങ്ങൾ ഇല്ലാതെ ആയിരുന്നു ഫ്രണ്ട്സ് മമ്പാട് ഇന്നലെ കളിച്ചത്. സംഘാടകർ അടക്കം താരങ്ങളെ മർദ്ദിച്ചെന്നാണ് താരങ്ങൾ ആരോപിക്കുന്നത്.