നാട്ടിലെ തങ്ങളുടെ ആദ്യ തോല്‍വിയേറ്റു വാങ്ങി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ദബാംഗ് ഡല്‍ഹിയാണ് ബംഗാളിനെ നാട്ടില്‍ തിരിച്ചടി നല്‍കിയത്. 37-31 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 14-20 എന്ന സ്കോറിനു ബംഗാള്‍ വാരിയേഴ്സ് പിന്നിലായിരുന്നുവെങ്കിലും രണ്ടാം പകുതിയുടെ ആരംഭത്തില്‍ മികച്ച തിരിച്ചുവരവ് നടത്തി 23-22നു മത്സരത്തില്‍ ലീഡ് നേടുവാന്‍ ബംഗാളിനു സാധിച്ചിരുന്നു. എന്നാല്‍ മത്സരം അവസാന പത്ത് മിനുട്ടിലേക്ക് കടന്നപ്പോള്‍ വീണ്ടും ഡല്‍ഹി മുന്നിലെത്തി. തുടര്‍ന്ന് മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവസാനിക്കേ 31-31നു ഇരു ടീമുകളും തുല്യത പാലിച്ചുവെങ്കിലും മെറാജ് ഷെയ്ഖിന്റെ ഒരു റെയിഡില്‍ ബംഗാളിനെ ഓള്‍ഔട്ട് ആക്കി 5 പോയിന്റ് കരസ്ഥമാക്കി ഡല്‍ഹി ലീഡ് വര്‍ദ്ധിപ്പിച്ചു. ഫൈനല്‍ വിസിലിനും അധിക സമയം ബാക്കിയില്ലാത്തതിനാല്‍ മത്സരത്തില്‍ പിന്നീടൊരു തിരിച്ചുവരവിനു ബംഗാളിനു അവസരമുണ്ടായിരുന്നില്ല.
13 പോയിന്റുമായി മെറാജ് ഷെയ്ഖ് ആണ് കളിയിലെ ടോപ് സ്കോറര്‍. മെറാജിനു പിന്തുണയായി ഡല്‍ഹി നിരയില്‍ നവീന്‍ കുമാര്‍ 6 പോയിന്റ് നേടി. മനീന്ദര്‍ സിംഗ് ആണ് 9 പോയിന്റുമായി ബംഗാള്‍ നിരയില്‍ തിളങ്ങിയത്. 23-18നു റെയിഡിംഗില്‍ ഡല്‍ഹി മുന്നില്‍ നിന്നപ്പോള്‍ 9-6നു പ്രതിരോധത്തില്‍ ബംഗാള്‍ കോട്ട കെട്ടി. ഡല്‍ഹി ഒരു തവണ ഓള്‍ഔട്ട് ആയപ്പോള്‍ ബംഗാള്‍ രണ്ട് തവണയാണ് മത്സരത്തില്‍ ഓള്‍ഔട്ട് ആയത്. രണ്ടാം പകുതിയുടെ അവസാനത്തോടു കൂടി സംഭവിച്ച രണ്ടാമത്തെ ഓള്‍ഔട്ട് ആണ് കളി മാറ്റിയത്. 4-2 എന്ന നിലയില്‍ അധിക പോയിന്റിലും ഡല്‍ഹിയായിരുന്നു മുന്നില്‍.