നെയ്മറുടെ അഭാവത്തിലും ജയിച്ചു കയറി പി.എസ്.ജി

Staff Reporter

കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിൽ സമനില വഴങ്ങിയ പി.എസ്.ജിക്ക് അവസാനം ലീഗിൽ ജയം. നന്റ്‌സിനെയാണ് പി.എസ്.ജി ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. നെയ്മർ ഇല്ലാതെ മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിക്ക് വേണ്ടി വിജയ ഗോൾ നേടിയത് എംബപ്പേയായിരുന്നു. പരിക്ക് മൂലം വിശ്രമം അനുവദിച്ചതോടെയാണ് നെയ്മർ ഇന്നത്തെ മത്സരത്തിന് ഇറങ്ങാതിരുന്നത്.

ഈ സീസണിൽ 12 ലീഗ് മത്സരങ്ങളിൽ നിന്ന് എംബപ്പേയുടെ 13മത്തെ ഗോളായിരുന്നു ഇത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പി.എസ്.ജി മത്സരത്തിലെ ഏക ഗോൾ നേടിയത്. ലീഗിലെ 14 മത്സരങ്ങൾ തുടർച്ചയായ ജയിച്ച പി.എസ്.ജിക്ക് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ 13 പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി.