വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വ്വില്‍ ഇന്ന് ആരംഭിച്ച ഒന്നാം ടെസ്റ്റില്‍ ഓള്‍ഔട്ട് ആകാതെ പിടിച്ച് നിന്ന് ശ്രീലങ്ക. മൂന്ന് ബാറ്റ്സ്മാന്മാര്‍ ഒഴികെ എല്ലാവരും പരാജയപ്പെട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ ശ്രീലങ്ക 9/3 എന്ന നിലയിലായിരുന്നു. ടിം സൗത്തി ഉഗ്ര താണ്ഡവമാടിയപ്പോള്‍ ശ്രീലങ്കയുടെ ടോപ് ഓര്‍ഡര്‍ കടപുഴകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഓപ്പണര്‍ ദിമുത് കരുണാരത്നേയും ആഞ്ചലോ മാത്യൂസും ചേര്‍ന്ന് നടത്തിയ ബാറ്റിംഗ് രക്ഷാപ്രവര്‍ത്തനമാണ് ശ്രീലങ്കയെ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.
133 റണ്‍സാണ് കരുണാരത്നേ-മാത്യൂസ് കൂട്ടുകെട്ട് നേടിയത്. 79 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയെ നീല്‍ വാഗ്നര്‍ പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് ചന്ദിമലിനെയും ആഞ്ചലോ മാത്യൂസിനെയും പുറത്താക്കി സൗത്തി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 83 റണ്‍സാണ് മാത്യൂസ് നേടിയത്. അതിനു ശേഷം വാലറ്റത്തെ കൂട്ടുപിടിച്ച് നിരോഷന്‍ ഡിക്ക്വെല്ല നടത്തിയ പോരാട്ടമാണ് 275 റണ്‍സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ആദ്യ ദിവസം അവസാനിപ്പിക്കുവാന്‍ ശ്രീലങ്കയെ സഹായിച്ചത്.
സൗത്തിയുടെ അഞ്ച് വിക്കറ്റിനൊപ്പം നീല്‍ വാഗ്നര്‍ രണ്ടും ട്രെന്റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.