ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നെയിൻ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുകയാണ്. സതേൺ ഡെർബിയെന്ന പേരിൽ അറിയപ്പെടുന്ന സൂപ്പർ മച്ചാൻസും മഞ്ഞപ്പടയും തമ്മിലുള്ള പോരാട്ടം ഇന്ത്യൻ സൂപ്പർ ലീഗിൽ ആവേശമുയർത്താറുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ചെന്നെയിൻ എഫ്‌സി ഇത്തവണ മോശം ഫോമിലാണ്. അതുകൊണ്ടു തന്നെ അതിഥികളായ ബ്ലാസ്റ്റേഴ്‌സിന് വിജയ സാധ്യതയും കൂടുതലാണ്.
എന്നാൽ സതേൺ ഡെർബിയുടെ കണക്ക് നോക്കുമ്പോൾ മുന്നിട്ടു നിൽക്കുന്നത് ചെന്നെയിനാണ്. ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും മുഖാമുഖം കണ്ടു മുട്ടിയപ്പോൾ നാല് തവണയും ജയം ചെന്നെയിലെ ഒപ്പമായിരുന്നു. നാല് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. രണ്ടു മത്സരങ്ങളിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാൻ സാധിച്ചിരുന്നുള്ളു. നാല് പരാജയമേറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്‌സ് പതിനൊന്നു ഗോളുകൾ ഡെർബിയിൽ അടിച്ചു കൂട്ടിയപ്പോൾ പതിനാലു ഗോളുകളാണ് സതേൺ ഡെർബിയിൽ ചെന്നെയിലെ സമ്പാദ്യം.
രണ്ടു പരാജയം മാത്രമാണ് സതേൺ ഡെർബിയിൽ ഏറ്റുവാങ്ങിയതെങ്കിലും ഇത്തവണ ചെന്നൈയിന്റെ കാര്യം പരുങ്ങലിലാണ്. ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒരു മത്സരം പോലും ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അതെ സമയം ഡേവിഡ് ജയിംസിന്റെ കീഴിൽ എവേ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഏറെ മാറിയിട്ടുണ്ട്. അവസാന പതിനൊന്നു എവേ മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ ജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് ചെന്നെയിനെതിരായാണ് 3-0 (2014).