ആധികാരികതയോടെ സെമയിലേക്ക് കടന്നെത്തിയ വിന്‍ഡീസിനെ നാട്ടുകാരുടെ മുന്നില്‍ കണ്ണീരണിയിച്ച് ഓസ്ട്രേലിയ. ഇന്ന് നടന്ന ആദ്യ സെമിയില്‍ 71 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ ഇന്ത്യയോ ഇംഗ്ലണ്ടോ ആരാവും എതിരാളികളായി എത്തുക എന്നത് മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പുമാണ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 142/5 എന്ന സ്കോര്‍ നേടുകയായിരുന്നു. 17.3 ഓവറില്‍ വിന്‍ഡീസിനെ 71 റണ്‍സിനു പുറത്താക്കി ഓസ്ട്രേലിയ വിജയം കുറിച്ചു.
പരിക്കേറ്റ് ഇന്ത്യയ്ക്കെതിരെ അവസാന മത്സരത്തില്‍ ബാറ്റിംഗിനറങ്ങാതിരുന്ന അലീസ ഹീലി തിരികെ മടങ്ങിയെത്തിയതിന്റെ കരുത്തിലാണ് ടീം ബാറ്റ് വീശിയത്. 46 റണ്‍സ് നേടിയ ഹീലി തന്നെ കളിയിലെ താരമായി മാറിയതും താരത്തിന്റെ ടീമിലുള്ള പ്രഭാവം വ്യക്തമാക്കുന്നു. ഹീലിയ്ക്കൊപ്പം മെഗ് ലാന്നിംഗും(31) റേച്ചല്‍ ഹെയിന്‍സും(25*) മാത്രമാണ് ഓസ്ട്രേലിയന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. വിന്‍ഡീസ് ബൗളര്‍മാരില്‍ ഓരോ വിക്കറ്റുമായി ഷക്കീര സെല്മാന്, സ്റ്റെഫാനി ടെയിലര്‍, ഹെയ്ലേ മാത്യൂസ്, ആഫി ഫ്ലെച്ചര്‍, ഡിയാന്‍ഡ്ര ഡോട്ടിന് എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂട്ട തകര്‍ച്ച കണ്ട വിന്‍ഡീസ് ബാറ്റിംഗ് പ്രകടനത്തില്‍ നായിക സ്റ്റെഫാനി ടെയിലര്‍ (16) മാത്രമാണ് രണ്ടക്കം കടന്നത്. 8 റണ്‍സുമായി എക്സ്ട്രാസ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി മാറിയപ്പോള്‍ വിന്‍ഡീസിനു കാര്യങ്ങള്‍ ശ്രമകരമായി മാറി. 17.3 ഓവറില്‍ വിന്‍ഡീസ് ദുരിതം ഓസ്ട്രേലിയ അവസാനിക്കുമ്പോള്‍ ആതിഥേയരുടെ വിജയം വീക്ഷിക്കാനെത്തിയ കാണികള്‍ക്ക് നിരാശ സമ്മാനിച്ച് ഓസ്ട്രേലിയ ഫൈനലിലേക്ക് കടന്നു.