യാത്രയിലെ ബുദ്ധിമുട്ടുകൾക്ക് ഒക്കെ സഹിച്ച് കളത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ജോർദാനിൽ പരാജയം. ഇന്ന് ജോർദാനിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. പ്രമുഖ താരങ്ങൾ പലരും ഇല്ലാതെ ഇറങ്ങിയ ഇന്ത്യ യാത്രയിൽ അനുഭവിച്ച പ്രയാസങ്ങൾ ആലോചിച്ചാൽ ഇതൊരു വലിയ പരാജയമായി കണക്കാക്കാൻ കഴിയില്ല.
ഇന്നത്തെ കളിയിൽ നിർണായകമായത് ജോർദാൻ ഗോൾകീപ്പർ ഷാഫി നേടിയ ഗോളായിരുന്നു. കളിയുടെ 25ആം മിനുട്ടിൽ ജോർദാൻ ഗോൾകീപ്പർ എടുത്ത കിക്ക് പൊസിഷൻ തെറ്റി നിന്ന ഇന്ത്യൻ കീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടന്ന് വലയിൽ എത്തുകയായിരുന്നു. അഡ്വാൻസ് ചെയ്ത് നിന്നതിന് ഗുർപ്രീത് കൊടുത്ത വിലയായിരുന്നു അത്.
ജോർദാൻ കീപ്പർ ഷാഫിയുടെ കരിയറിലെ രണ്ടാം ഗോളാണിത്. മുമ്പ് അൽ വെഹ്ദാത്തിന് വേണ്ടി കളിക്കുമ്പോഴും ഷാഫി ഗോൾ നേടിയിട്ടുണ്ട്. ആ ഗോൾ വഴങ്ങുന്നതിന് മുമ്പ് ജോർദാന് ലഭിച്ച പെനാൾട്ടി ഗുർപ്രീത് സേവ് ചെയ്ത് ഇന്ത്യയുടെ രക്ഷകനായിരുന്നു. ആ ഗുർപ്രീത് തന്നെയാണ് ഈ അബദ്ധം കാണിച്ചതും.
രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ ഹദ്ദാദിലൂടെ ജോർദാൻ ലീഡ് ഇരട്ടിയാക്കി. 61ആ മിനുട്ടിൽ നിഷു കുമാർ സുന്ദര ഷോട്ടിലൂടെ ഒരു ഗോൾ മടക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും കാര്യമായൊന്നും അതിനു ശേഷം ഇന്ത്യക്ക് ചെയ്യാനായില്ല.
ജോർദാനിൽ വൈകി എത്തിയതിനാൽ പ്രധാന താരങ്ങൾ ഒന്നും ആദ്യ ഇലവനിൽ ഇല്ലാതെ ഇറങ്ങിയ ഇന്ത്യ സ്ട്രൈക്കറായി അനിരുദ്ധ് താപയെ ആയിരുന്നു കളിപ്പിച്ചത്.