ആദ്യ പകുതിയില്‍ വമ്പന്‍ ലീഡ് നേടിയ ശേഷം ബെംഗളൂരു ബുള്‍സിന്റെ തിരിച്ചുവരവില്‍ ആടിയുലഞ്ഞുവെങ്കിലും ജയം കൈവിടാതെ യുമുംബ. ഇന്നലെ നടന്ന രണ്ടാമത്തെയും ആവേശകരവുമായ മത്സരത്തില്‍ 32-29 എന്ന സ്കോറിനു 3 പോയിന്റ് മാര്‍ജിനിലാണ് മുംബൈ മത്സരം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ബെംഗളൂരു ബുള്‍സിനെ നിഷ്പ്രഭമാക്കി 17-6 എന്ന സ്കോറിനു 11 പോയിന്റ് ലീഡ് നേടിയ ശേഷമാണ് രണ്ടാം പകുതിയില്‍ ബെംഗളൂരുവിനു മുന്നില്‍ മുംബൈ പതറുന്ന കാഴ്ച കണ്ടത്. അവസാന മിനുട്ടുകളില്‍ പോയിന്റ് വാരിക്കൂടി ബെംഗളൂരു മുംബൈ ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ലീഡ് കൈവിടാതെ നോക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചപ്പോള്‍ ജയം ടീമിനൊപ്പം നിന്നു.
9 പോയിന്റ് നേടിയ ദര്ശന് കഡിയനും 5 വീതം പോയിന്റുമായി സുരേന്ദര്‍ സിംഗ്, അബോല്‍ഫസല്‍ മഗ്സോദ്ലവുവും ആണ് മുംബൈ നിരയില്‍ തിളങ്ങിയ താരങ്ങള്‍. ബുള്‍സിനായി പവന് ഷെഹ്റാവത്ത് 8 പോയിന്റും രോഹിത് കുമാര്‍ ആറും പോയിന്റാണ് നേടിയത്. കാശിലിംഗ് അഡ്കേ 4 പോയിന്റുകള്‍ നേടി.
റെയിഡിംഗില്‍ 21-14ന്റെ വ്യക്തമായ ആധിപത്യം ബെംഗളൂരു സ്വന്തമാക്കിയെങ്കിലും പ്രതിരോധത്തില്‍ പുറകോട്ട് പോയത് ടീമിനു തിരിച്ചടിയായി. 11-4നു മുംബൈ ആണ് ടാക്കിള്‍ പോയിന്റുകളില്‍ മുന്നിട്ട് നിന്നത്. മുംബൈ രണ്ട് തവണ ബെംഗളൂരുവിനെ മത്സരത്തില്‍ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ ബെംഗളൂരുവും മുംബൈയെ ഓള്‍ഔട്ട് ആക്കി. 3-2 നു അധിക പോയിന്റ് വിഭാഗത്തില്‍ മുംബൈ ലീഡ് ചെയ്തു.