ഇന്ന് ഫുട്ബോൾ ലോകത്തിന്റെ കണ്ണ് അങ്ങ് മാഞ്ചസ്റ്ററിൽ ആകും. ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് നേർക്കുനേർ വരും. ഇംഗ്ലീഷ് ഫുട്ബോളിലെ പ്രധാന ഡെർബികളിൽ ഒന്നായ ഡെർബിയാണ് മാഞ്ചസ്റ്റർ ഡെർബി. ഈ സീസണിലെ ആദ്യ ഡെർബി നടക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ആണ്. ഇരുടീമുകളും മികച്ച ഫോമിൽ ആണ് എന്നത് മത്സരത്തിന്റെ ആവേശം കൂട്ടുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ പരാജയമറിയാത്ത ടീമാണ് മാഞ്ചസ്റ്റർ സിറ്റി. ലീഗിൽ ഒന്നാമത് നിൽക്കുന്നതും സിറ്റി തന്നെയാണ്. കെവിൻ ഡി ബ്ര്യുയിൻ എന്ന സിറ്റിയുടെ പ്രധാന താരം ഈ സീസണിൽ ഭൂരിഭാഗം സമയവും കളിക്കാഞ്ഞിട്ട് വരെ സിറ്റിയുടെ ഫോമിന് ഒരു കോട്ടവും പറ്റിയിട്ടില്ല. കഴിഞ്ഞ സീസണിൽ കണ്ട സിറ്റിയെ തന്നെയാണ് ഈ സീസണിലും കാണാൻ കഴിയുന്നത്.
അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി 12 ഗോളുകളാണ് സിറ്റി അടിച്ച് കൂട്ടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് ചെറിയ പ്രശ്നമൊന്നും അല്ല ഇന്ന് നേരിടാനുള്ളത് എന്ന് സാരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ തുടങ്ങിയത് വളരെ ദയനീയ രീതിയിൽ ആണ് എങ്കിലും മെല്ലെ അതിനെ മറികടന്ന് വരികയാണ് ഇപ്പോൾ. അവസാന മത്സരത്തിൽ യുവന്റസിന്റെ ടൂറിനിൽ ചെന്ന് തോൽപ്പിച്ച് ആണ് സിറ്റിയുടെ സ്റ്റേഡിയത്തിലേക്ക് യുണൈറ്റഡ് വരുന്നത്.
മാർഷ്യലിന്റെ ഗംഭീര ഫോമിൽ തന്നെ ആണ് യുണൈറ്റഡിന്റെ പ്രതീക്ഷ. അവസാന നാലു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി അഞ്ചു ഗോളുകൾ മാർഷ്യൽ നേടിയിട്ടുണ്ട്. ലുകാകു ഫിറ്റ്നെസ് വീണ്ടെടുത്തതും മാഞ്ചസ്റ്ററിന് ആശ്വാസമാകുന്നു. ചെറിയ പരിക്കുള്ള പോഗ്ബയുടെ സ്ഥിതി മാത്രമാണ് യുണൈറ്റഡിന്റെ ഇന്നത്തെ ആശങ്ക. പോഗ്ബ കളിക്കും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ സീസണിൽ സിറ്റിയുടെ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ യുണൈറ്റഡിനായിരുന്നു വിജയം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.