പത്തുപേരുമായി വമ്പൻ തിരിച്ചു വരവ് നടത്തി ഹോഫൻഹെയിം

Jyotish

ചാമ്പ്യൻസ് ലീഗിൽ വമ്പൻ തിരിച്ചു വരവ് നടത്തി ഹോഫൻഹെയിം. പത്ത് പേരുമായി കളിച്ചിട്ടാണ് ബുണ്ടസ് ലീഗ ടീം ലിയോണിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും പോയന്റ് പങ്കിട്ട് മടങ്ങി. സ്‌കോർ 2 -2 . നബീൽ ഫേക്കിറും ഡോമ്പേലെയുമാണ് ഫ്രഞ്ച് ടീമിന് വേണ്ടി ഗോളടിച്ചത്. ആന്ദ്രെജ് ക്രമാറിച്ചും പാവൽ കഡറബിക്കും ഹോഫൻഹെയിമിന് വേണ്ടിയും ഗോളടിച്ചു.

മത്സരത്തിൽ നാല്പത് മിനുട്ടോളം പത്തുപേരുമായിട്ടാണ് ഹോഫൻഹെയിം കളിച്ചത്. രണ്ടാം മഞ്ഞക്കാർഡ് കണ്ടു കസിം ആഡംസ് പുറത്ത് പോയതിനെ തുടർന്നാണിത്. ആദ്യ പകുതിയിൽ ഏഴു മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾ അടിച്ച് ലിയോൺ ഹോഫൻഹെയിമിനെ ഞെട്ടിച്ചിരുന്നു. തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന ജൂലിയൻ നാഗേൽസ്മാനും സംഘവും വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. ഈ സമനിലയോടെ ഗ്രൂപ്പ് എഫിൽ മൂന്നു പോയിന്റുമായി മൂന്നാമതാണ് ഹോഫൻഹെയിം.