ജംഷദ്പൂരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപാര തിരിച്ചുവരവ്!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ജംഷദ്പൂരിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സെക്കൻഡ് ഹാഫ് മാജിക്ക്. ജംഷദ്പൂരിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് കേരളം സമനില പിടിച്ചു. രണ്ടാം പകുതിയിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ തകർപ്പൻ തിരിച്ചുവരവ് പിറന്നത്. അതും 2-0തിന് പിറകിൽ നിൽക്കുമ്പോൾ ഒരു പെനാൽറ്റി വരെ നഷ്ടപ്പെടുത്തിയ ശേഷം.

തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയത് കേരളത്തിന്റെ പ്ലാനുകൾ എല്ലാം കുളമാക്കി. ആ ഗോളിന്റെ ഷോക്കിൽ നിന്ന് കേരളം ആദ്യ പകുതി കഴിയുന്നത് വരെ കരകയറില്ല. കോർണറിൽ നിന്ന് ടിം കാഹിലാണ് ജംഷദ്പൂരിന്റെ ആദ്യ ഗോൾ നേടിയത്. ഓസ്ട്രേലിയൻ ഇതിഹാസത്തിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്. ഗോളടിച്ച് തന്റെ ക്ലാസിക് ബോക്സിംഗ് സെലിബ്രേഷനും കാഹിൽ നടത്തി.

നിരവധി മിസ്പാസുകളും ബാക്ക് പാസുകളു സൈഡ് പാസുകളും അല്ലാതെ ആദ്യ പകുതിയിൽ നല്ല ഒന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളിൽ നിന്ന് വന്നില്ല. ഒരു ഷോട്ട് ഉതിർക്കാൻ വരെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിനായില്ല. കേരളം മോശമായി തുടരുന്നതിനിടെ 31ആം മിനുട്ടിൽ സൂസൈരാജ് ജംഷദ്പൂരിന്റെ രണ്ടാം ഗോളും നേടി. ബോക്സിന്റെ ഇടതു ഭാഗത്ത് നിന്ന് ഒരു കിടിലൻ സ്ട്രൈക്കിലൂടെ ആയിരുന്നു സൂസൈരാജിന്റെ ഗോൾ. സൂസൈരാജിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ സഹലിനെയും സിറിൽ കാലിയെയും രംഗത്ത് ഇറക്കിയ കേരളം മെച്ചപ്പെട്ട കളി കാഴ്ചവെച്ചു. 56ആം മിനുട്ടിൽ സഹൽ നൽകിയ ഒരു ഗംഭീര പാസ് സ്റ്റൊഹാനോവിചിലേക്ക് സഞ്ചരിക്കുന്നതിനിടെ സ്റ്റൊഹാനവിച് ഫൗൾ ചെയ്യപ്പെട്ടു. അങ്ങനെ ഒരു പെനാൽറ്റിയും കേരളത്തിന് ലഭിച്ചു. കളിയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു എന്ന് കരുതി എങ്കിലും സ്റ്റൊഹാനോവിചിന് പെനാൾട്ടി സ്പോട്ടിൽ ലക്ഷ്യം പിഴച്ചു. സുബ്രതാ പോൾ ജംഷദ്പൂരിന്റെ രക്ഷകനുമായി.

വീണ്ടും ഒരു ഗോളിനായുള്ള ശ്രമങ്ങക്ക് കേരളം തുടർന്നു‌. 71ആം മിനുട്ടിൽ കേരളം ആഗ്രഹിച്ച ഗോളും വന്നു. സ്റ്റൊഹാനോവിച് തന്നെ ആയിരുന്നു ഗോൾ നേടിയത്. ലെങ്ദുംഗലിന്റെ ഒരു ക്രോസ് ഒരു കിടിലൻ വോളിയിലൂടെ സ്റ്റൊഹാനോവിച് വലയിൽ എത്തിക്കുകയായിരുന്നു. ലെങ്ദുംഗൽ സബ്ബായി എത്തിയിട്ട് നിമിഷങ്ങൾ മാത്രമെ ആയിരുന്നുള്ളൂ അപ്പോൾ.

87ആം മിനുട്ടിൽ വീണ്ടും ലെംഗ്ദുഗൽ തന്നെ കേരളത്തിന്റെ രക്ഷകനായി. ഇടതു വിംഗിൽ നിന്ന് മറ്റൊരു ലെംഗ്ദുംഗൽ പാസ്. ഇത്തവണ ഒരു ഇടം കാലൻ ഫിനിഷിലൂടെ സി കെ കേരളത്തിന് അർഹിച്ച സമനില നേടിക്കൊടുത്തു. കേരളത്തിന്റെ പോരാട്ട വീര്യത്തിന് ലഭിച്ച ഫലമായിരുന്നു ഈ സമനില. ആ പെനാൾട്ടി കൂടെ ലക്ഷ്യം കണ്ടിരുന്നെങ്കിൽ മൂന്ന് പോയന്റും എടുത്ത് കേരളം മടങ്ങിയേനെ.

ഡേവിഡ് ജെയിംസിന്റെ സബ്സ്റ്റിട്യൂഷനുകളും എടുത്തു പറയേണ്ടതുണ്ട്. സഹൽ അബ്ദുൽ സമദിന്റെയും സൈമിൻ ലെംഗ്ദുംഗലിന്റെയും വരവാണ് കളി മാറ്റിയത്. ഇന്നത്തെ സമനില കേരളത്തെ നാലു മത്സരങ്ങളിൽ നിന്ന് ആറു പോയന്റിൽ എത്തിച്ചു. കേരളം ഏഴാം സ്ഥാനത്ത് തന്നെ തുടരുകയാണ്.