പൂനെയില്‍ വിജയം കുറിച്ച് പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്. വിരാട് കോഹ്ലി 107 റണ്‍സുമായി തന്റെ 38ാമത്തെ ശതകം ഇന്ന് മത്സരത്തില്‍ നിന്ന് സ്വന്തമാക്കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 284 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 240 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രോഹിത് വേഗം മടങ്ങിയ ശേഷം 79 റണ്‍സ് രണ്ടാം വിക്കറ്റില്‍ കോഹ്ലിയും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയെങ്കിലും കോഹ്ലി ഒഴികെ ആര്‍ക്കും ക്രീസില്‍ അധിക നേരം ചെലവഴിക്കാനാകാതെ പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ഒരു വശത്ത് വിക്കറ്റുകള്‍ വീണപ്പോളും മറുവശത്ത് പൊരുതി കോഹ്ലി തന്റെ 38ാം ശതകം നേടി. എന്നാല്‍ അധികം വൈകാതെ കോഹ്ലിയും മടങ്ങിയപ്പോള്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലായി. ധവാന് 35 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത്(24), അമ്പാട്ടി റായിഡു(22) എന്നിവരാണ് 20നു മുകളില്‍ സ്കോര്‍ കണ്ടെത്തിയ മറ്റു താരങ്ങള്‍.
വിന്‍ഡീസിനായി മര്‍ലന്‍ സാമുവല്‍സ് മൂന്നും ആഷ്ലി നഴ്സ്, ജേസണ്‍ ഹോള്‍ഡര്‍, ഒബൈദ് മക്കോയി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 43 റണ്‍സിന്റെ വിജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്കൊപ്പം എത്തുവാന്‍ വിന്‍ഡീസിനു സാധിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഷായി ഹോപ്പിന്റെ(95) മികവില്‍ 283 റണ്‍സ് നേടുകയായിരുന്നു. വാലറ്റത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ആഷ്ലി നഴ്സ് നിര്‍ണ്ണായകമായ പ്രകടനമാണ് കാഴ്ചവെച്ചത്.