തിരഞ്ഞെടുക്കാത്തതില്‍ ആശ്ചര്യം മറച്ച് പിടിക്കാതെ കേധാര്‍ ജാഥവ്

Sports Correspondent

ഏഷ്യ കപ്പിനിടെ പരിക്കേറ്റുവെങ്കില്‍ ദിയോദര്‍ ട്രോഫിയില്‍ കളിച്ച് ഫോമും ഫിറ്റ്നെസ്സും തെളിയിച്ച കേധാര്‍ ജാഥവിനു തന്നെ വിന്‍ഡീസിനെതിരെയുള്ള മൂന്ന് ഏകദിനങ്ങള്‍ക്ക് പരിഗണിക്കാതിരുന്നതിനെക്കുറിച്ച് ആശ്ചര്യമാണുള്ളതെന്ന് തുറന്ന് പറഞ്ഞ് താരം. ഇന്നലെ ഇന്ത്യ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ കേധാര്‍ ജാഥവിന്റെ പേര് അതില്‍ ഇടം പിടിച്ചിരുന്നില്ല. ഇന്ത്യ എയ്ക്ക് വേണ്ടി 25 പന്തില്‍ 41 റണ്‍സ് നേടിയ ദിവസം തന്നെയാണ് താരത്തിനു സെലക്ടര്‍മാര്‍ തിരിച്ചടി നല്‍കിയത്.

തന്നെ തിരഞ്ഞെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് വ്യക്തമാക്കിയ കേധാര്‍ താന്‍ എല്ലാ ടെസ്റ്റുകളും കടന്നുവെന്നും മാച്ച് ഫിറ്റായതിനാലാണ് ദിയോദര്‍ ട്രോഫിയില്‍ കളിച്ചതെന്നും പറഞ്ഞു. താന്‍ ഫിറ്റാണെന്നതിനാലാണ് സെലക്ടര്‍മാര്‍ തന്നോട് ദിയോദര്‍ ട്രോഫിയില്‍ കളിക്കുവാന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ തനിക്ക് സ്ഥാനമില്ലെങ്കില്‍ രഞ്ജിയില്‍ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു.