ഏതെൻസിൽ വിജയക്കൊടി നാട്ടി ബയേൺ മ്യൂണിക്ക്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് AEK ഏതെൻസിനെ ബയേൺ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി ഹാവി മാർട്ടിനെസ്സും റോബർട്ട് ലെവൻഡോസ്‌കിയും ഗോളടിച്ചു. രണ്ടാം പകുതിയിലെ രണ്ടു മിനുറ്റിനിടെ പിറന്ന രണ്ടു ഗോളുകളാണ് ബയേണിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
ഗോൾ രഹിതമായിരുന്നു ആദ്യ പകുതി മത്സരത്തിന്റെ പൂർണ നിയന്ത്രണം ബവേറിയന്മാർക്കായിരുന്നെങ്കിലും ഗോൾ കണ്ടെത്താനാവാതെ അവർ വിഷമിച്ചു. മത്സരത്തിൽ ഒരു മണിക്കൂറിനു ശേഷമാണ് ഗോൾ പിറന്നത്. അറുപത്തിയൊന്നാം മിനുട്ടിൽ മാർട്ടിനെസിലൂടെ ബയേൺ ലീഡ് നേടി. ഈ വര്ഷം ജനുവരിക്ക് ശേഷമുള്ള ഹാവി മാർട്ടിനെസിന്റെ ആദ്യ ഗോളായിരുന്നത്.
തൊട്ടു പിന്നാലെ തന്നെ ലെവൻഡോസ്‌കിയിലൂടെ ബയേൺ വിജയ ഗോൾ നേടി. മനോഹരമായൊരു ടാപ്പിന്നിലൂടെ ലെവൻഡോസ്‌കി സ്‌കോർ ഉയർത്തി. പിന്നീട് ബയേണിനെതിരെ പ്രയോഗിക്കാൻ AEK ഏതെൻസിന്റെ ആവനാഴിയിലാസ്ത്രങ്ങളുണ്ടായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ മറ്റൊരു ജയം നേടിയെങ്കിലും ബയേണിനെതിരെയുള്ള വിമര്ശനങ്ങൾ ഉയരാതിരിക്കില്ല.