മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബെൽഫോർട്ട് ഇനി ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ

Newsroom

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഹെയ്തി ഇന്റർനാഷണലുമായ കെവർവൻസ് ബെൽഫോർട് ഇനി ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കും. ബംഗ്ലാദേശ് ക്ലബായ ധാക്ക അബാനി ക്ലബാണ് ബെൽഫോർട്ടിനെ സ്വന്തമാക്കിയത്. ബംഗ്ലാദേശിലെ നിലവിലെ ചാമ്പ്യന്മാരാണ് ധാക്ക അബാനി. നേരത്തെ എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി ഐസാൾ തുടങ്ങിയ ക്ലബുകൾക്കെതിരെ ശ്രദ്ധേയമായ പ്രകടനം ധാക്ക അബാനി കാഴ്ചവെച്ചിരുന്നു.

കഴിഞ്ഞ സീസണിൽ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ജംഷദ്പൂർ എഫ് സിക്കായായിരുന്നു ബെൽഫോർട്ട് കളിച്ചിരുന്നത്. ജംഷദ്പൂരിൽ കൂടുതൽ അവസരം ലഭിക്കാത്തത് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. മുമ്പ് അസർബൈജാൻ ഒന്നാം ഡിവിഷൻ ക്ലബായ സീറ എഫ് സിയിലും ബെൽഫോർട്ട് കളിച്ചിട്ടുണ്ട്.

26കാരനായ ഈ ഹെയ്തി താരം കേരളത്തിനു വേണ്ടി 2016-17 സീസണിൽ നിർണായകമായ പ്രകടനം നടത്തിയിരുന്നു. മൂന്നു ഗോൾ ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തിട്ടുള്ള താരം ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയായിരുന്നു.