ടെസ്റ്റ് ടീമില്‍ പരിഗണിച്ചതില്‍ സന്നാഹ മത്സരത്തിലെ പ്രകടനം കണക്കാക്കിയിട്ടില്ലെന്ന് വ്യക്തം

Sports Correspondent

രാജ്കോട്ട് ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യ പരിഗണിച്ചതില്‍ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടിയുള്ള സന്നാഹ മത്സരത്തിലെ പ്രകടമനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് ഇന്ത്യ പ്രഖ്യാപിച്ച 12 അംഗ സംഘമെന്നത് വ്യക്തം. ഓപ്പണിംഗ് സ്ഥാനത്ത് കെഎല്‍ രാഹുലിനു കൂട്ടായി എത്തുവാന്‍ പൃഥ്വി ഷായും മയാംഗ് അഗര്‍വാലുമാണ് രംഗത്തുണ്ടായിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടില്‍ അവസാന രണ്ട് മത്സരങ്ങളിലും ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന ഇലവനിലേക്ക് താരത്തിനു ഇടം ലഭിച്ചിരുന്നില്ല. ഏറെ കാലമായി ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എയ്ക്കുമായി മികച്ച പ്രകടനം നടത്തുന്ന മയാംഗ് അഗര്‍വാലിനും ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് ഇടം ലഭിയ്ക്കുന്നത്.

ഇരുവരും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനും വേണ്ടി വിന്‍ഡീസിനെതിരെ കളിച്ചുവെങ്കിലും ആ പ്രകടനം കണക്കാക്കിയല്ല ടീം പ്രഖ്യാപനമെന്ന് ഏറെക്കുറെ വ്യക്തമാകുന്നുണ്ട്. ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരെ പൃഥ്വി ഷായ്ക്ക് 8 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ മയാംഗ് അഗര്‍വാല്‍ 90 റണ്‍സാണ് മത്സരത്തില്‍ നേടിയത്.

എന്നാല്‍ ഇരു താരങ്ങളും മികച്ച ഫോമിലാണ് കഴിഞ്ഞ രണ്ട് വര്‍ഷ കാലമായി നടത്തിവരുന്നതെന്നത് സമ്മതിച്ചുകൊടുക്കേണ്ട കാര്യം തന്നെയാണ്. പൃഥ്വി ഇന്ത്യയെ U19 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയുണ്ടായി ഈ വര്‍ഷം തന്നെ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 56.72 ശരാശരിയുള്ള താരം തന്റെ രഞ്ജി അരങ്ങേറ്റത്തില്‍ ശതകവും നേടിയിരുന്നു. കൂടാതെ ദുലീപ് ട്രോഫി അരങ്ങേറ്റത്തിലും ശതകം നേടുന്ന പ്രായം കുറഞ്ഞ താരമായി പൃഥ്വി ഷാ മാറി.