ഇരട്ട ഗോളുമായി മെഹ്മെദി, ജയവുമായി വോൾഫ്സ്ബർഗ്, ആഞ്ചലോട്ടിയുടെ നാപോളിക്ക് വീണ്ടും പരാജയം

Jyotish

കഴിഞ്ഞ സീസണിൽ സീരി എ യിൽ മികച്ച പ്രകടനവുമായി ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച നാപോളിക്ക് വീണ്ടും പരാജയം. പ്രീ സീസൺ മത്സരങ്ങളിൽ തുടർച്ചയായ പരാജയമാണ് നാപോളി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ബുണ്ടസ് ലീഗ ക്ലബായ വോൾഫ്സ്ബർഗിനോടാണ് നാപോളി പരാജയമേറ്റുവാങ്ങിയിരിക്കുന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് നാപോളിയെ വോൾഫ്സ്ബർഗ് തകർത്തത്. അദ്മിർ മെഹ്മെദിയുടെ ഇരട്ട ഗോളുകളാണ് നാപോളിയെ തകർച്ചയ്ക്ക് വഴിവെച്ചത്.

പ്രതിരോധത്തിലെ പിഴവുകൾക്കാണ് നാപോളിക്ക് വലിയ വില നൽകേണ്ടി വന്നത്. മൂന്നാം കിറ്റുമായി ജർമ്മനിയിൽ ഇറങ്ങിയ നാപോളിക്ക് തുടക്കത്തിലേ പിഴച്ചു. ആദ്യ പകുതി അവസാനിക്കും മുൻപേ കൗണ്ടർ അറ്റാക്കിൽ ബ്രെക്കലോയിലൂടെ വോൾഫ്സ്ബർഗ് ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ പോളണ്ട് താരം ആർക്ടിക്സ്സ്‌ മിലികിലൂടെ നാപോളി സമനില നേടി. എന്നാൽ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത അദ്മിർ മെഹ്മെദിയുടെ ഇരട്ട ഗോളുകൾ നാപോളിയെ തകർച്ചയിലേക്ക് നയിച്ചു.

മൗറീസിയോ സാരിയിൽ നിന്നും കാർലോ ആഞ്ചലോട്ടിയിലേക്കുള്ള നാപോളിയുടെ മാറ്റത്തിനു ഏറെ സമയം വേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നതാണ് മത്സരഫലം. നിലവിൽ ചെൽസിയുടെ പരിശീലകനായ സാരി, നാപോളിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് ലണ്ടനിലേക്ക് തിരിച്ചത്. യൂറോപ്പ്യൻ ഫുട്ബോൾ ലക്ഷ്യം വെച്ച നാപോളി മാനേജ്‌മെന്റ് സാരിക്ക് പകരം ആഞ്ചലോട്ടിയെയാണ് കൊണ്ട് വന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial