നേടേണ്ടിയിരുന്നത് 115 റണ്‍സായിരുന്നുവെങ്കിലും അനായാസമെന്ന് തോന്നിപ്പിച്ച സ്കോര്‍ ഒരു പന്ത് ശേഷിക്കെ ഒരു വിക്കറ്റ് കൈയ്യിലിരിക്കെ ലക്ഷ്യത്തിലെത്തിച്ച് ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കാരൈകുഡി കാളൈ വിജയം ഉറപ്പാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റൂബി തൃച്ചി വാരിയേഴ്സ് 19.5 ഓവറില്‍ 114 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ 115 റണ്‍സ് നേടി കാളൈകള്‍ ജയം ഉറപ്പാക്കുകയായിരുന്നു. പരാജയപ്പെട്ടുവെങ്കിലും തൃച്ചിയുടെ സുരേഷ് കുമാര്‍ ആണ് കളിയിലെ താരം.
28 റണ്‍സ് നേടി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സഞ്ജയ് ആണ് തൃച്ചിയെ 114 റണ്‍സിലേക്ക് എത്തിച്ചത്. 89/9 എന്ന നിലയില്‍ 17 പന്തില്‍ നിന്ന് 28 റണ്‍സാണ് സഞ്ജയ് നേടിയത്. മണി ഭാരതി(22), സുരേഷ് കുമാര്‍(22) എന്നിവര്‍ ആണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. മോഹന്‍ പ്രസാത്(3), യോ മഹേഷ്(2), രാജ് കുമാര്‍(2) എന്നിവരാണ് കാളൈകള്ക്കായി വിക്കറ്റുകള്‍ നേടിയത്.
ശ്രീകാന്ത് അനിരുദ്ധയുടെ 41 റണ്‍സിന്റെ ബലത്തില്‍ അനായാസ വിജയത്തിലേക്ക് കാരൈകുഡി നീങ്ങുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് മത്സരഗതി മാറ്റി വിക്കറ്റുകളുമായി ശക്തമായ തിരിച്ചുവരവ് തൃച്ചി നടത്തിയത്. 5.4 ഓവറില്‍ 47 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ കാരൈകുഡിയുടെ ഓപ്പണര്‍ ആദിത്യയെ(19) പുറത്താക്കി സുരേഷ് കുമാര്‍ ആദ്യ പ്രഹരം കാളൈകള്‍ക്ക് നല്കി.
പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം ചെലുത്തുവാന്‍ തൃച്ചിയ്ക്ക് സാധിച്ചപ്പോള്‍ കാരൈകുഡി ക്യാമ്പില്‍ പരിഭ്രാന്തി പരന്നു. 4 ഓവറില്‍ 12 റണ്‍സിനു 3 വിക്കറ്റാണ് സുരേഷ് കുമാര്‍ നേടിയത്. സോനു യാദവ് രണ്ട് വിക്കറ്റ് നേടി. കാരൈകുഡിയ്ക്ക് വേണ്ടി യോ മഹേഷ് 13 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റൊരു താരത്തിനും രണ്ടക്കം കടക്കാന്‍ സാധിച്ചില്ലെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ അത് സ്വന്തമാക്കുവാന്‍ കാരൈകുഡി കാളൈകള്‍ക്ക് സാധിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial