ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ റഷ്യക്ക് എതിരായ ജയത്തിന് ശേഷം രാഷ്ട്രീയ മുദ്രാവാക്യം പ്രയോഗിച്ച ക്രോയേഷ്യൻ ഡിഫൻഡർ വിദക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടി വന്നേക്കും. മത്സര ശേഷം ‘ ഗ്ലോറി ടു ഉക്രെയ്ൻ’ എന്ന് താരം വിളിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഉക്രെയ്നിലെ ആന്റി റഷ്യൻ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് വിദ ഉപയോഗിച്ചത്.
2-2 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഒരു ഗോളും പെനാൽറ്റി കിക്കും നേടിയ വിദ മികച്ച പ്രകടനമാണ് നടത്തിയത്. തുർക്കി ക്ലബ്ബായ ബേസിക്താസ് താരമായ വിദ അതിന് മുൻപ് ഉക്രേനിയൻ ടീമായ ഡൈനാമോ കീവിന് വേണ്ടി 5 വർഷം കളിച്ചിരുന്നു.
രാഷ്‌ട്രീയ ചുവയുള്ള പരാമർശങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫിഫ താരത്തിന് എതിരെ നടപടി എടുത്തേക്കും എന്ന കാര്യം ഉറപ്പാണ്. നേരത്തെ സെർബിയക്ക് എതിരെ രാഷ്ട്രീയ ആംഗ്യം കാണിച്ച സ്വിസ് താരങ്ങളായ ശകീരി, ചാക്ക എന്നിവർക്കെതിരെ ഫിഫ കനത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial