ബാറ്റിംഗ് വിരുന്നൊരുക്കി കെഎല്‍ രാഹുല്‍, ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ

Sports Correspondent

കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് കെഎല്‍ രാഹുലിന്റെ ശതകം. 54 പന്തില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ 18.2  ഓവറില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. 10 ബൗണ്ടറിയും 5 സിക്സുമാണ് രാഹുല്‍ ഇന്നത്തെ ഇന്നിംഗ്സില്‍ അടിച്ചെടുത്തത്.

ആദ്യ ഓവറില്‍ ശിഖര്‍ ധവാനെ പുറത്താക്കുവാന്‍ സാധിച്ചതൊഴിച്ചാല്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ യാതൊരുവിധ പ്രഭാവവും സൃഷ്ടിക്കാനായിരുന്നില്ല. 32 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ ഇന്ത്യന്‍ ജയം 30 റണ്‍സ് അകലെയായിരുന്നു. 123 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ രോഹിത്-രാഹുല്‍ കൂട്ടുകെട്ട് നേടിയത്.

53 പന്തില്‍ നിന്ന് തന്റെ ശതകം നേടിയ രാഹുല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വേഗത കുറയ്ക്കുകയായിരുന്നു. വിരാട് കോഹ്‍ലി 20റണ്‍സ് നേടി.

ഡേവിഡ് വില്ലിയും ആദില്‍ റഷീദുമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial