ഇനി ക്രൊയേഷ്യക്ക് പെനാൾട്ടി കിട്ടിയാലും മോഡ്രിച് തന്നെയാകും ആ പെനാൾട്ടി എടുക്കുക എന്ന് ക്രൊയേഷ്യ പരിശീലകൻ ഡലിച് പറഞ്ഞു. ഡെന്മാർക്കിനെതിരെ 114ആം മിനുറ്റിൽ ലഭിച്ച പെനാൾട്ടി മോഡ്രിച് നഷ്ടപ്പെടുത്തിയിരുന്നു. പക്ഷെ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ വീണ്ടും പെനാൾട്ടി എടുത്ത് ലക്ഷ്യത്തിൽ എത്തിക്കാനും മോഡ്രിചിനായി. മോഡ്രിച് രണ്ടാമതും പെനാൾട്ടി എടുക്കാൻ കാണിച്ച ധൈര്യമാണ് ഇനി പെനാൾട്ടി വന്നാലും മോഡ്രിചിന് തന്നെ കൊടുക്കാനുള്ള തീരുമാനത്തിന് പിറകിലെന്ന് ഡലിച് പറഞ്ഞു.
ലുക മോഡ്രിച് തങ്ങളുടെ ക്യാപ്റ്റനും ലീഡറുമാണ്. മോഡ്രിച് കാണിച്ച ധൈര്യവും ഉത്തരവാദിത്വവുമാണ് അദ്ദേഹത്തെ സാധാരണ താരത്തിൽ നിന്നും ലോകത്തെ മികച്ച താരങ്ങളിൽ ഒരാളാക്കി മാറ്റുന്നത് എന്നും ഡലിച് പറഞ്ഞു. പെനാൾട്ടി ഷൂട്ടൗട്ടിൽ മോഡ്രിച് എടുത്ത പെനാൾട്ടി അത്ര മികച്ചതായിരുന്നില്ല. ഭാഗ്യവും അതിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ആ ഭാഗ്യം ധൈര്യത്തിനു കിട്ടുന്ന പ്രതിഫലമാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial