സിദാന്റെയും റയലിന്റെയും കഷ്ടകാലം തീരുന്നില്ല. ല ലീഗെയിൽ 17 ആം സ്ഥാനക്കാരായ ലവന്റെയെ നേരിട്ട റയലിന് 2-2 ന്റെ സമനില. രണ്ട് തവണ ലീഡ് നേടിയ ശേഷം സമനില വഴങ്ങിയത് സിദാനും സംഘത്തിനും തിരിച്ചടിയായി. പ്രതിരോധത്തിൽ നടത്തിയ വൻ പിഴകളാണ് റയലിന് തിരിച്ചടിയായത്. സമനില വഴങ്ങിയതോടെ 21 കളികളിൽ നിന്ന് 39 പോയിന്റുള്ള റയൽ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായി 18 പോയിന്റ് പിറകിലാണ് റയൽ. റയൽ ഗോളി കെയ്ലർ നാവാസിന്റെ മികച്ച സേവുകളാണ് റയലിനെ പല ഘട്ടങ്ങളിലും രക്ഷിച്ചത്.
ബെൻസീമയും ബെയ്ലും റൊണാൾഡോയും വീണ്ടും ആക്രമണ നിരയിൽ ഒരുമിച്ചപ്പോൾ റയൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോൾ നേടിയത് പ്രതിരോധ നിരകാരൻ റാമോസായിരുന്നു. ക്രൂസിന്റെ കോർണറിൽ തന്റെ പതിവ് ശൈലിയിൽ ഹെഡറിലൂടെയാണ് ഗോൾ നേടിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കും മുൻപ് ലെവന്റെ സമനില ഗോൾ കണ്ടെത്തി. മികച്ച കൗണ്ടർ അറ്റാക്കിനോടുവിൽ ഇമ്മാനുവൽ ബോട്ടങ്ങാണ് ആതിഥേയരുടെ ഗോൾ നേടിയത്.
രണ്ടാം പകുതി ഇരുപത് മിനുറ്റ് പിന്നിട്ടിട്ടും വിജയ ഗോൾ നേടാനാവാതെ വന്നതോടെ ബെയ്ലിനെ പിൻവലിച്ച സിദാൻ ഇസ്കോയെ ഇറക്കിയത് 81 ആം മിനുട്ടിൽ ഫലം കണ്ടു. ഇത്തവണ ബെൻസീമയുടെ പാസ്സ് മികച്ച ഷോട്ടിലൂടെ റയൽ ജയം ഉറപ്പിച്ചെങ്കിലും പ്രതിരോധ നിര കളി മറന്നത് റയലിന് നഷ്ടപെടുത്തിയത് വിലപ്പെട്ട 2 പോയിന്റുകളാണ്. 89 ആം മിനുട്ടിൽ മികച്ച നീക്കത്തിനൊടുവിൽ പസിനി ലെവന്റെയുടെ സമനില ഗോൾ നേടി. ഗോൾ തടയാൻ നവാസ് തന്റെ പരമാവധി ശ്രമിച്ചെങ്കിലും പന്ത് വലയിൽ തന്നെ പതിച്ചു. പത്താം തിയതി റയൽ സൊസൈഡാഡിന് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial