സ്റ്റാംഫോഡ് ബ്രിഡ്ജിൽ അന്റോണിയോ കോണ്ടേ മറക്കാനാഗ്രഹിക്കുന്ന രാത്രി സമ്മാനിച്ച ബോണ്മൗത് അവരെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു. പ്രതിരോധത്തിൽ തൊട്ടതെല്ലാം പിഴച്ച ചെൽസിക്ക് ഒരു ഘട്ടത്തിൽ പോലും മത്സരത്തിൽ മുന്നേറാൻ അവസരം നൽകാതെയാണ് ബോണ്മൗത് മത്സരം സ്വന്തമാക്കിയത്. ബോണ്മൗത്തിനായി കാലും വിൽസൻ, ജൂനിയർ സ്റ്റാനിസ്ലാസ്, നഥാൻ ആകെ എന്നിവരാണ് ഗോളുകൾ നേടിയത്. തോൽവിയോടെ ചെൽസി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലിവർപൂളാണ് മൂന്നാം സ്ഥാനത്.
മിച്ചി ബാത്ശുവായി ലോണിൽ പോകുകയും മൊറാത്ത പരിക്കിലാവുകയും ചെയ്തതോടെ സ്ട്രൈക്കർ ഇല്ലാതെ ഇറങ്ങിയ ചെൽസി ഹാസാർഡിനെ ഫാൾസ് 9 പൊസിഷനിൽ കളിപ്പിച്ചാണ് ടീമിനെ ഇറക്കിയത്. പക്ഷെ ചെൽസി ആക്രമണത്തെ മികച്ച രീതിയിൽ പ്രതിരോധിച്ച സന്ദർശകർ ആദ്യ പകുതിയിൽ ഗോൾ നേടിയില്ലെങ്കിലും അവസരങ്ങളിൽ മുന്നിട്ട് നിന്നു. ആദ്യ പകുതിയിൽ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ പരിക്കേറ്റ് പുറത്തായതോടെ റൂഡിഗറിനെ ഇറക്കിയെങ്കിലും അത് ചെൽസി പ്രതിരോധത്തെ ദുർബലമാക്കി. രണ്ടാം പകുതിയിൽ 51 ആം മിനുട്ടിലാണ് ചെൽസിയുടെ തകർച്ച ആരംഭിച്ചത്. ചെൽസി ക്യാപ്റ്റൻ ഗാരി കാഹിൽ മറക്കാൻ ആഗ്രഹിക്കുന്ന മത്സരമാവും ഇത്. എതിരാളികൾ നേടിയ 3 ഗോളിലും കാഹിലിന്റെ പിഴവ് വ്യക്തമായിരുന്നു. 51 ആം മിനുട്ടിൽ വിൽസണും, 64 ആം മിനുട്ടിൽ സ്റ്റാനിസ്ലാസും, 67 ആം മിനുട്ടിൽ മുൻ ചെൽസി താരം ആകേയും ഗോളുകൾ നേടിയതോടെ ബോണ്മൗത് ജയം ഉറപ്പിക്കുകയായിരുന്നു. കോണ്ടേ ഫാബ്രിഗാസ്, ഹുഡ്സന് ഓഡോയി എന്നിവരെ ഇറക്കിയെങ്കിലും മത്സരം തിരിച്ചു പിടിക്കാനായില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial