വെംബ്ലിയിൽ യുണൈറ്റഡിനെ മറികടന്ന് സ്പർസ്

- Advertisement -

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പർസിനോട് എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. സ്പർസിനായി ക്രിസ്ത്യൻ എറിക്സൻ ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ യുനൈറ്റഡ് പ്രതിരോധ താരം ഫിൽ ജോൻസ് നൽകിയ സെൽഫ് ഗോളായിരുന്നു. ജയത്തോടെ 48 പോയിന്റുള്ള സ്പർസ് നാലാം സ്ഥാനക്കാരായ ചെൽസിയുമായുള്ള പോയിന്റ് വിത്യാസം 2 ആയി കുറച്ചു. 53 പോയിന്റുള്ള യുണൈറ്റഡ്‌ രണ്ടാം സ്ഥാനത്ത് തന്നെ തുടരും.

കിക്കോഫിൽ നിന്ന് തന്നെ മുന്നേറ്റം നടത്തി സ്പർസ് ആദ്യ മിനുട്ടിൽ തന്നെ വെംബ്ലിയിൽ മുന്നിലെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ യുണൈറ്റഡ്‌ വഴങ്ങുന്ന ഏറ്റവും വേഗതയേറിയ ഗോളാണ് എറിക്സൻ നേടിയത്. ഗോൾ പിറകിലായിട്ടും സാഞ്ചസ് അടക്കമുള്ള ആക്രമണ നിര വേണ്ടത്ര ഉണരാതിരുന്നതോടെ സ്പർസിന് കാര്യങ്ങൾ എളുപമായി. 28 ആം മിനുട്ടിൽ സ്പർസിന്റെ ബോക്സിലേക്കുള്ള പാസ്സ് ക്ലിയർ ചെയ്യാൻ ശ്രമിച്ച ജോൻസിന് പിഴച്ചപ്പോൾ പന്ത് പതിച്ചത് സ്വന്തം വലയിൽ. രണ്ട് ഗോളുകൾക്ക് പിറകിലായിട്ടും യുണൈറ്റഡിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിലും സ്പർസ് വ്യക്തമായ ആധിപത്യമാണ് തുടർന്നത്. മത്സരം ഒരു മണിക്കൂർ പിന്നിട്ടതോടെ മൗറീഞ്ഞോ ഫെല്ലയ്‌നി, മാറ്റ എന്നിവരെ കളത്തിൽ ഇറക്കിയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയാനായില്ല. ഫെല്ലായ്‌നിയാവട്ടെ 70 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ആന്ദ്രേ ഹെരേരയാണ് പകരം ഇറങ്ങിയത്.  സീസണിൽ ടോപ്പ് 4 ടീമുകളോട് ഒരു എവേ മത്സരം പോലും ജയിക്കാനാവാത്ത നാണക്കേടിന്റെ റെക്കോർഡും മൗറീഞ്ഞോ വെംബ്ലിയിൽ തുടർന്നു. പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരം അലക്‌സി സാഞ്ചസിന് മറക്കാനുള്ള ഒന്നായി മാറുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement