ഐ.എസ്.എല്ലിൽ പ്ലേ ഓഫ് ലക്ഷ്യമാക്കി ജംഷഡ്പൂർ എഫ്.സി ഇന്ന് പൂനെ സിറ്റിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചാണ് പൂനെ സ്വന്തം ഗ്രൗണ്ടിൽ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പൂർ എഫ്.സിയെ നേരിടുന്നത്. ഇന്നത്തെ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനാവും പൂനെയുടെ ശ്രമം. അതെ സമയം കഴിഞ്ഞ രണ്ട് മത്സരത്തിലും ഉജ്ജ്വല ജയം നേടിയ ജംഷഡ്പൂർ മികച്ച ആത്മവിശ്വാസവുമായാണ് ഇന്നിറങ്ങുക.
വിലക്ക് മാറി പൂനെ കോച്ച് റാങ്കോ പോപ്പോവിച്ച് തിരിച്ചു വരുന്നതോടെ പൂനെ കൂടുതൽ ശക്തരാവുമെന്നാണ് കരുതപ്പെടുന്നത്. പരിക്ക് മൂലം മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല. 9 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും അഞ്ച് അസിസ്റ്റുകളുമായി മികച്ച ഫോമിലുള്ള മർസെലിഞ്ഞോയാണ് പൂനെയുടെ തുറുപ്പുചീട്ട്.
നേരത്തെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പൂനെ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പൂർ തോറ്റിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ 2-0ന് പിറകിൽ നിന്ന ശേഷം 3 ഗോൾ തിരിച്ചടിച്ചാണ് ജംഷഡ്പൂർ വിജയം കണ്ടെത്തിയത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിന് മികച്ച ആത്മവിശ്വാസത്തോടെയാവും ജംഷഡ്പൂർ ഇറങ്ങുക. മികച്ച പ്രതിരോധം ഉള്ള ജംഷഡ്പൂരിനെ ലീഗിലെ മികച്ച രണ്ടാമത്തെ ആക്രമണ നിരയായ പൂനെ സിറ്റി എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.
10 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി പൂനെ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ജംഷഡ്പൂർ ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial