ല ലീഗെയിൽ റയൽ മാഡ്രിഡിന്റെ ശക്തമായ തിരിച്ചു വരവ്. കഴിഞ്ഞ ആഴ്ച വിയ്യാ റയാലിനോട് തോറ്റ ശേഷമുള്ള.ആദ്യ ല ലിഗ മത്സരത്തിൽ 7-1 നാണ് സിദാന്റെ സംഘം ഡിപോർട്ടിവോ ലകോരൂനയെ തകർത്തത്. റയലിനായി ബെയ്‌ലും, റൊണാൾഡോ, നാച്ചോ എന്നിവർ രണ്ടു വീതം ഗോളുകൾ നേടിയപ്പോൾ മോഡ്രിച്ചാണ് അവശേഷിച്ച ഗോൾ നേടിയത്. ജയത്തോടെ 35 പോയിന്റുള്ള റയൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.
ബെൻസീമക്ക് പകരം മായൊരാലിനെ സ്‌ട്രൈക്കർ സ്ഥാനത് ഇറക്കിയാണ് സിദാൻ ടീമിനെ അണി നിരത്തിയത്. 23 ആം മിനുട്ടിൽ പക്ഷെ അഡ്രിയാൻ ലോപസിലൂടെ ഡിപോർട്ടിവോ ലകോരൂനയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ പതറാതെ കളിച്ച റയൽ 32 ആം മിനുട്ടിൽ തന്നെ സമനില കണ്ടെത്തി. മാർസെലോയുടെ പാസ്സിൽ നാച്ചോയാണ് ഗോൾ നേടിയത്. പിന്നീട് 42 ആം മിനുട്ടിൽ ബെയ്ലിന്റെ ഗോളിൽ ആദ്യ പകുതിക്ക് മുൻപ് തന്നെ റയൽ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 58 ആം മിനുട്ടിൽ ക്രൂസിന്റെ പാസ്സ് ഹെഡറിലൂടെ ഗോളാക്കി ബെയ്‌ൽ റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. 68 ആം മിനുട്ടിൽ മോദ്‌റിച്ചും ഗോൾ നേടിയതോടെ റയൽ വമ്പൻ ജയം ഉറപ്പിച്ചതാണ്. പിന്നീടാണ് റൊണാൾഡോയുടെ രണ്ടു ഗോളുകൾ പിറന്നത്. സീസണിൽ ഗോളുകൾ കണ്ടെത്താൻ വിഷമിക്കുന്ന റൊണാൾഡോ പക്ഷെ 78,84 മിനുട്ടുകളിൽ വല കുലുക്കി ഗോൾ വരാൾച്ചക്ക് അവസാനമിട്ടു. 88 ആം മിനുട്ടിൽ നാച്ചോ തന്റെ രണ്ടാം ഗോളും നേടിയതോടെ റയലിന്റെ ഭീമൻ ജയം പൂർത്തിയായി. അടുത്ത ആഴ്ച വലൻസിയക്ക് എതിരെയാണ് റയലിന്റെ അടുത്ത ലീഗ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial