സിഡ്നി തണ്ടറിനെ 25 റണ്‍സിനു പരാജയപ്പെടുത്തി ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് തണ്ടറിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. കോളിന് ഇന്‍ഗ്രാം(48), അലക്സ് കാറേ(34) എന്നിവര്‍ക്ക് മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങാനായത്. 6 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പുറത്താകാതെ നിന്ന റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ സ്ട്രൈക്കേഴ്സിനായി ആഞ്ഞടിച്ചത്. ഫവദ് അഹമ്മദ് മൂന്നും ഗുരീന്ദര്‍ സന്ധു രണ്ടും വിക്കറ്റ് വീഴ്ത്തി സ്ട്രൈക്കേഴ്സിന്റെ ബാറ്റ്സ്മാന്മാരെ പിടിച്ചു കെട്ടുകയായിരുന്നു.
ചേസിംഗിനിറങ്ങിയ തണ്ടറിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഏഴാം ഓവറില്‍ ജോസ് ബട്ലറെ(21) പുറത്താക്കി റഷീദ് ഖാന് ആണ് തണ്ടറിനു ആദ്യ പ്രഹരം നല്‍കിയത്. കുര്‍ട്ടിസ് പാറ്റേര്‍സണ്‍(29) ബില്ലി സ്റ്റാന്‍ലേക്കിനു വിക്കറ്റ് നല്കി മടങ്ങിയതോടെ പിന്നീട് മത്സരത്തില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന് തണ്ടറിനായില്ല. ബെന്‍ റോഹ്റര് 13 പന്തില്‍ 29 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും മൈക്കല്‍ നേസേറിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലൊരാളായി പുറത്തായതോടെ തണ്ടറിന്റെ പ്രതീക്ഷ അവസാനിച്ചു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമേ സിഡ്നി തണ്ടറിനു നേടാനായുള്ളു.
3 വിക്കറ്റ് വീഴ്ത്തി മൈക്കല്‍ നേസേറും രണ്ട് വീതം വിക്കറ്റ് നേടി റഷീദ് ഖാന്, പീറ്റര്‍ സിഡില്‍ എന്നിവരും സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial