ഓസ്ട്രേലിയ തങ്ങളുടെ ഇന്നിംഗ്സ് 649/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു തകര്‍ച്ച. നാലാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 25/2 എന്ന നിലയില്‍ നിന്ന് പിന്നീട് ബാറ്റിംഗ് പുനരാംരംഭിച്ച ഇംഗ്ലണ്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഇനി ഒരു ദിവസം ശേഷിക്കെ ഓസ്ട്രേലിയയെ വീണ്ടും ബാറ്റ് ചെയ്യിക്കാനായി 210 റണ്‍സ് കൂടി നേടേണ്ടതുണ്ട്.
42 റണ്‍സുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനു കൂട്ടായി 17 റണ്‍സുമായി ജോണി ബൈര്‍സ്റ്റോ ആണ് ക്രീസില്‍ നില്‍ക്കുന്നത്. അഞ്ചാം വിക്കറ്റില്‍ 25 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കൂടി നേടിയിട്ടുള്ളത്. രണ്ട് വിക്കറ്റ് നേടിയ നഥാന്‍ ലയണ്‍ ആണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സിനു പുറത്തായപ്പോള്‍ ഓസ്ട്രേലിയ ഉസ്മാന് ഖ്വാജ(171), ഷോണ്‍ മാര്‍ഷ്(156), മിച്ചല്‍ മാര്‍ഷ്(101) എന്നിവരുടെ ശതകങ്ങളുടെ ബലത്തില്‍ 649 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലി രണ്ടു വിക്കറ്റും ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ടോം കുറന്, മേസണ്‍ ക്രെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial