റിക്കി പോണ്ടിംഗ് ഓസ്ട്രേലിയന്‍ കോച്ചായി എത്തുന്നുവോ?

Sports Correspondent

2020 ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയുടെ പരിശീലകനായി റിക്കി പോണ്ടിംഗ് എത്തുമെന്ന് അഭ്യൂഹങ്ങള്‍. റിക്കി പോണ്ടിംഗുമായി ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന വട്ട ചര്‍ച്ചകളിലാണെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. 2019 ആഷസ് പരമ്പരയോടെ ഡാരന്‍ ലേമാന്‍ തന്റെ ഓസ്ട്രേലിയന്‍ കോച്ചിംഗ് കരിയറിനു വിരാമമിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടത്തിലേക്ക് നയിക്കുവാനായത് പോണ്ടിംഗിനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഈ വര്‍ഷമാദ്യം ഓസ്ട്രേലിയയുടെ ടി20 ടീം ശ്രീലങ്കയുമായി മൂന്ന് മത്സരങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ കോച്ചിംഗ് സ്റ്റാഫായി ജേസണ്‍ ഗില്ലെസ്പി, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരോടൊപ്പം റിക്കി പോണ്ടിംഗും എത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഇന്ത്യന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ടി20 ടീമിന്റെ പരിശീലകരായി മുന്‍ താരങ്ങള്‍ ഒത്തുകൂടിയത്.

സമാനമായ സ്ഥിതി ഈ വര്‍ഷവും ഫെബ്രുവരിയില്‍ സംജാതമാകുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്ട്രേലിയന്‍ ടീം തയ്യാറെടുക്കുന്ന സമയത്ത് തന്നെയാണ് ഇംഗ്ലണ്ട്, ന്യൂസിലാണ്ട് ടീമുകളുമായി ചേര്‍ന്ന് ടി20 ത്രിരാഷ്ട്ര പരമ്പരയും അരങ്ങേറുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial