കഴിഞ്ഞ വർഷത്തിന്റെ അവസാനം വളരെ മോശമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനും ഹോസെ മൗറീന്യോക്കും. 2017 അവസാനം നടന്ന നാലു മത്സരങ്ങളിലും മൗറീന്യോയുടെ ടീമിന് ജയം കണ്ടെത്താൻ കഴിഞ്ഞില്ല. 2018ന്റെ തുടക്കവും മാഞ്ചസ്റ്റർ യുണൈറ്റഡിന് എളുപ്പമാകില്ല.
ഇന്ന് എവർട്ടണെതിരെയാണ് മാഞ്ചസ്റ്ററിന്റെ ഈ വർഷത്തെ ആദ്യ മത്സരം. എവേ മത്സരമാണ് എന്നതും പരിക്ക് കാരണം പ്രമുഖ കളിക്കാർ ഇറങ്ങുന്നില്ല എന്നതും വർഷാരംഭത്തിൽ തന്നെ യുണൈറ്റഡിന് പോയന്റ് നഷ്ടപ്പെടാനുള്ള സാധ്യതകൾ കാണിക്കുന്നു. സ്റ്റോക്ക് സിറ്റി, ബേൺലി, ടോട്ടൻഹാം എന്നിവരാണ് മാഞ്ചസ്റ്ററിന്റെ ജനുവരി മാസത്തിലെ മറ്റു പ്രീമിയർ ലീഗ് മത്സരങ്ങൾ. ഇതിൽ ടോട്ടൻഹാം മത്സരം എവേ ആണ് എന്നതുകൊണ്ട് കടുപ്പം കൂടും. മികച്ച ഫോമിലുള്ള ബേൺലിക്കെതിരായ മത്സരവും എവേ ആണ്.
എഫ് എ കപ്പ് മൂന്നാം റൗണ്ടിൽ ജനുവരി 6ന് യുണൈറ്റഡ് ഡെർബി കൗണ്ടിയേയും നേരിടുന്നുണ്ട്. ജയിക്കുകയാണെങ്കിൽ ഈ മാസം തന്നെ എഫ് എ കപ്പ് നാലാം റൗണ്ടിലും യുണൈറ്റഡ് ഇറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial