റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. റെയിൽവേസ് 131 റൺസിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 50 ഓവറിൽ ആറ് വിക്കറ്റിന് 268 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 42.3 ഓവറിൽ 137 റൺസിന് ഓൾഔട്ടായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റെയിൽവേസിന് ഷിപ്ര ഗിരിയുടെ തകർപ്പൻ സെഞ്ച്വറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 12 റൺസെടുത്ത ഓപ്പണർ ഝാൻസി ലക്ഷ്മിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ഷിപ്രയും നസ്ഹത് പർവീണും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 72 റൺസ് പിറന്നു. 35 റൺസെടുത്ത നസ്ഹത്തിനെയും ആരുഷി ഗോയലിനെയും എസ്. ആശ ഒരേ ഓവറിൽ പുറത്താക്കിയത് കേരളത്തിന് പ്രതീക്ഷ നൽകി. എന്നാൽ ഷിപ്രയും ഭാവന ഗോപ്ലാനിയും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കളി വീണ്ടും റെയിൽവേസിന്റെ നിയന്ത്രണത്തിലാക്കി. ഇരുവരും ചേർന്ന് 113 പന്തുകളിൽ 136 റൺസാണ് കൂട്ടിച്ചേർത്തത്. ഭാവന 68 റൺസും ഷിപ്ര 118 റൺസും നേടി. 114 പന്തുകളിൽ 16 ബൗണ്ടറികളടക്കമാണ് ഷിപ്ര 118 റൺസ് നേടിയത്. കേരളത്തിന് വേണ്ടി എസ്. ആശ മൂന്നും മൃദുല വി.എസ്, സജന സജീവൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ക്യാപ്റ്റൻ ടി. ഷാനിയും അക്ഷയയും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ 29-ഉം ഷാനി 46 റൺസും നേടി മടങ്ങി. എന്നാൽ പിന്നീടെത്തിയ ബാറ്റർമാർ കൂട്ടത്തോടെ പരാജയപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയവരിൽ മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. സജന സജീവൻ പത്തും നജ്ല സി.എം.സി 12-ഉം വൈഷ്ണ എം.പി 15-ഉം റൺസ് നേടി മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. എസ്.പി. ഐഷ് മൂന്നും ഏക്ത ബിഷ്ട് രണ്ടും വിക്കറ്റുകൾ നേടി.









