മെൽബൺ: ആറ് തവണ ഗ്രാൻഡ് സ്ലാം ജേതാവായ ലോക രണ്ടാം നമ്പർ താരം ഇഗ ഷ്വിറ്റെക് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. റോഡ് ലാവർ അരീനയിൽ തിങ്കളാഴ്ച നടന്ന ഏകപക്ഷീയമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ താരം മാഡിസൺ ഇംഗ്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-0, 6-3) തകർത്താണ് പോളിഷ് താരം മുന്നേറിയത്.
തന്റെ കരിയറിലെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന ഇഗ, മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തി. ആദ്യ സെറ്റിൽ ഇംഗ്ലിസിന് ഒരു ഗെയിം പോലും വിട്ടുനൽകാതെയാണ് ഇഗ സ്വന്തമാക്കിയത്. നയോമി ഒസാക്ക പരിക്ക് മൂലം പിന്മാറിയതിനെത്തുടർന്ന് ലഭിച്ച അവസരം മുതലെടുത്ത് മുന്നേറിയ ഇംഗ്ലിസിന്റെ ‘ഡ്രീം റണ്ണിന്’ ഇതോടെ തിരശ്ശീല വീണു. എങ്കിലും, ഈ ടൂർണമെന്റിലൂടെ 4,80,000 ഓസ്‌ട്രേലിയൻ ഡോളറും മികച്ച റാങ്കിംഗ് പോയിന്റുകളും സ്വന്തമാക്കാൻ 28-കാരിയായ ഇംഗ്ലിസിന് സാധിച്ചു.
രണ്ടാം സെറ്റിൽ ഒരു ഘട്ടത്തിൽ ഇഗയുടെ സർവ് ബ്രേക്ക് ചെയ്യാൻ ഇംഗ്ലിസിന് കഴിഞ്ഞത് ഗാലറിയിൽ വലിയ ആവേശം സൃഷ്ടിച്ചു. എന്നാൽ തൊട്ടടുത്ത ഗെയിമിൽ തന്നെ തിരിച്ചടിച്ചുകൊണ്ട് ഇഗ മത്സരം ഒരു മണിക്കൂറിനുള്ളിൽ അവസാനിപ്പിച്ചു.
ക്വാർട്ടർ ഫൈനലിൽ അതിശക്തയായ എലേന റൈബാക്കിനയാണ് ഇഗയുടെ എതിരാളി.









