ബെൽജിയത്തിന്റെ എലീസ് മെർട്ടൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് (6-1, 6-3) റൈബാക്കിന ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 2024 വിംബിൾഡണിന് ശേഷം ആദ്യമായാണ് റൈബാക്കിന ഒരു ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ എത്തുന്നത്.
മാർഗരറ്റ് കോർട്ട് അരീനയിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ റൈബാക്കിന, തന്റെ വിഖ്യാതമായ സർവ്വുകളിലൂടെയും കരുത്തുറ്റ ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെയും മെർട്ടൻസിനെ നിഷ്പ്രഭയാക്കി.
ഈ ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും താരം വിട്ടുനൽകിയിട്ടില്ല. 2025-ന്റെ അവസാന പകുതി മുതൽ മികച്ച ഫോമിലുള്ള റൈബാക്കിന, അവസാന 18 മത്സരങ്ങളിൽ 17-ലും വിജയിച്ചിട്ടുണ്ട്.
മെൽബണിൽ 2023-ൽ ഫൈനലിലെത്തിയ ശേഷം റൈബാക്കിനയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ക്വാർട്ടർ ഫൈനലിൽ ഇഗ സ്വിറ്റെക് – മാഡിസൺ ഇംഗ്ലിസ് മത്സരത്തിലെ വിജയിയെയാകും റൈബാക്കിന നേരിടുക.









