മെൽബൺ: 2026 ഓസ്ട്രേലിയൻ ഓപ്പണിൽ ആരാധകരെ നിരാശരാക്കി കൗമാര താരം ജാക്കൂബ് മെൻസിക്ക് ടൂർണമെന്റിൽ നിന്ന് പിന്മാറി. ഇതോടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് കളിക്കാതെ തന്നെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വയറിലെ പേശികൾക്കേറ്റ പരിക്കിനെത്തുടർന്നാണ് (abdominal muscle injury) 19-കാരനായ ചെക്ക് താരം പിന്മാറാൻ തീരുമാനിച്ചത്.
ആദ്യമായി ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ നാലാം റൗണ്ടിലെത്തിയ മെൻസിക്കിന്, കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റ പരിക്ക് വില്ലനാവുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്ന് കളിക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പിന്മാറാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം പ്രസ്താവനയിൽ അറിയിച്ചു. മെൽബണിലെ കാണികൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ശക്തമായി തിരിച്ചുവരുമെന്നും കൂട്ടിച്ചേർത്തു.
മറുവശത്ത്, പത്ത് തവണ ചാമ്പ്യനായ ജോക്കോവിച്ചിന് ഈ പിന്മാറ്റം ഗുണകരമായി. 400 ഗ്രാൻഡ് സ്ലാം വിജയങ്ങളെന്ന ചരിത്ര നേട്ടത്തിന് പിന്നാലെ, ഊർജ്ജം ലാഭിച്ചുകൊണ്ട് തന്റെ 18-ാം ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലേക്ക് പ്രവേശിക്കാൻ 38-കാരനായ ജോക്കോവിച്ചിന് ഇതിലൂടെ സാധിച്ചു. ക്വാർട്ടർ ഫൈനലിൽ ലോറൻസോ മുസെറ്റി – ടെയ്ലർ ഫ്രിറ്റ്സ് മത്സരത്തിലെ വിജയിയെയാകും ജോക്കോവിച്ച് നേരിടുക.









