2026 ഓസ്ട്രേലിയൻ ഓപ്പണിൽ ബോട്ടിക് വാൻ ഡി സാൻഡ്ഷുൾപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി (6-3, 6-4, 7-6) നൊവാക് ജോക്കോവിച്ച് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഈ വിജയത്തോടെ ഗ്രാൻഡ് സ്ലാം ടെന്നീസ് ചരിത്രത്തിൽ 400 സിംഗിൾസ് വിജയങ്ങൾ നേടുന്ന ആദ്യ താരമെന്ന സമാനതകളില്ലാത്ത റെക്കോർഡ് 38-കാരനായ ജോക്കോവിച്ച് സ്വന്തമാക്കി.
മെൽബണിലെ തന്റെ പത്താം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച്, തന്റെ പതിനെട്ടാം പ്രീക്വാർട്ടർ പ്രവേശനത്തിലൂടെ മെൽബൺ പാർക്ക് ഇന്നും തന്റെ കോട്ടയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
മത്സരത്തിലുടനീളം തന്റെ പരിചയസമ്പത്തും കൃത്യതയും പുറത്തെടുത്ത ജോക്കോവിച്ച്, ആദ്യ രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കി. മൂന്നാം സെറ്റിൽ ശക്തമായ വെല്ലുവിളി ഉയർത്തിയ ഡച്ച് താരത്തെ ടൈബ്രേക്കറിലാണ് ജോക്കോ കീഴടക്കിയത്. നിലവിൽ ഓസ്ട്രേലിയൻ ഓപ്പണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരമെന്ന റോജർ ഫെഡററുടെ റെക്കോർഡിന് (102 വിജയങ്ങൾ) ഒപ്പമെത്താനും ഈ വിജയത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു.









