2026 ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ ആധിപത്യം തുടർന്ന് കസാക്കിസ്ഥാൻ താരം എലീന റൈബാക്കിന മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആവേശകരമായ രണ്ടാം റൗണ്ട് മത്സരത്തിൽ ഫ്രഞ്ച് താരം ആന ഗ്രച്ചേവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് അഞ്ചാം സീഡായ റൈബാക്കിന പരാജയപ്പെടുത്തിയത്. സ്കോർ: 7-5, 6-2.
ഇതുവരെ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് മുൻ ഫൈനലിസ്റ്റ് കൂടിയായ റൈബാക്കിനയുടെ മുന്നേറ്റം. ആദ്യ സെറ്റിൽ ഗ്രച്ചേവ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും, നിർണ്ണായക നിമിഷങ്ങളിൽ തന്റെ അനുഭവസമ്പത്ത് പുറത്തെടുത്ത റൈബാക്കിന സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ പൂർണ്ണ ആധിപത്യം പുലർത്തിയ താരം എതിരാളിക്ക് ഒരു അവസരം പോലും നൽകാതെ മത്സരം അവസാനിപ്പിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സബലങ്ക, സ്വിയാടെക്, പെഗുല തുടങ്ങിയ പ്രമുഖ താരങ്ങൾക്കെതിരെ നേടിയ വിജയങ്ങൾ റൈബാക്കിനയുടെ നിലവിലെ മികച്ച ഫോമിനെയാണ് സൂചിപ്പിക്കുന്നത്. മെൽബണിൽ നാലാം തവണയാണ് താരം മൂന്നാം റൗണ്ടിൽ എത്തുന്നത്. അഞ്ച് ഏസുകളും 24 വിന്നറുകളും പായിച്ച റൈബാക്കിനയുടെ കരുത്തുറ്റ സർവ്വുകൾ ഗ്രച്ചേവയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. നിലവിലെ ഫോം തുടരുകയാണെങ്കിൽ ഇത്തവണ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് റൈബാക്കിന. ചെക്ക് താരം തെരേസ വാലന്റോവയാണ് മൂന്നാം റൗണ്ടിൽ റൈബാക്കിനയുടെ എതിരാളി.









