ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് 2026-ലെ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. റോഡ് ലാവർ അരീനയിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ജർമ്മനിയുടെ പരിചയസമ്പന്നനായ യാനിക് ഹാൻഫ്‌മാനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരം പരാജയപ്പെടുത്തിയത്. സ്കോർ: 7-6(4), 6-3, 6-2. കരിയറിലെ ഏഴാം ഗ്രാൻഡ്‌സ്ലാം കിരീടവും അതോടൊപ്പം കരിയർ ഗ്രാൻഡ്‌സ്ലാം എന്ന അപൂർവ്വ നേട്ടവുമാണ് 22-കാരനായ അൽകാരസ് ഈ ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ സെറ്റിൽ ഹാൻഫ്‌മാൻ അൽകാരസിനെ ശരിക്കും പരീക്ഷിച്ചു. 78 മിനിറ്റ് നീണ്ടുനിന്ന ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് അൽകാരസ് സ്വന്തമാക്കിയത്. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റുകളിൽ തന്റെ സ്വഭാവിക ശൈലിയിലേക്ക് തിരിച്ചെത്തിയ താരം പൂർണ്ണ ആധിപത്യം പുലർത്തി. മത്സരത്തിനിടയിൽ ഹാൻഫ്‌മാൻ തോളിന് പരിക്കേറ്റതിനെത്തുടർന്ന് മെഡിക്കൽ ടൈം ഔട്ട് എടുത്തിരുന്നു. മികച്ച ഫോർഹാൻഡുകളിലൂടെയും തകർപ്പൻ സ്മാഷുകളിലൂടെയും അൽകാരസ് കളി കൈപ്പിടിയിലൊതുക്കി.
മൂന്നാം റൗണ്ടിൽ കോറെന്റിൻ മൗട്ടെറ്റിനെയോ മൈക്കൽ ഷെങ്ങിനെയോ ആയിരിക്കും അൽകാരസ് നേരിടുക.









