ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിന് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഫെബ്രുവരി 14-ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ പോരാട്ടത്തോടെയാണ് ഐഎസ്എല്ലിന്റെ 12-ാം പതിപ്പിന് തിരിതെളിയുന്നത്.

ഇതേ ദിവസം തന്നെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ എഫ്‌സി ഗോവ പുതുതായി ലീഗിലെത്തിയ ഇന്റർ കാശിയുമായി ഏറ്റുമുട്ടും. ഇത്തവണ പുതുമുഖങ്ങളുൾപ്പെടെ 14 ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി അണിനിരക്കുന്നത്.
ലീഗിലെ ഏറ്റവും ശക്തരായ നിലവിലെ ചാമ്പ്യന്മാരും വലിയ ആരാധകപിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ഉദ്ഘാടന മത്സരം ടൂർണമെന്റിന് വലിയ മൈലേജ് നൽകുമെന്നുറപ്പാണ്. ഐഎസ്എല്ലിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് സീസണിന്റെ തുടക്കത്തിൽ തന്നെ ആരാധകർക്ക് കാണാൻ സാധിക്കുന്നത്.
മത്സരം കൊൽക്കത്തയിൽ ആകും നടക്കുക. കേരളത്തിലെ മത്സരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കുറച്ചു കൂടെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അവർ ഹോം ഗ്രൗണ്ടിനെ സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടത്തി വരികയാണ്. ഐ എസ് എല്ലിന്റെ പൂർണ്ണ ഫിക്സ്ചർ ഉടൻ പുറത്ത് വരും.









