ഇന്തോനേഷ്യൻ ടെന്നീസിൽ പുതിയ ചരിത്രം; ഓസ്‌ട്രേലിയൻ ഓപ്പണിൽ ലെയില ഫെർണാണ്ടസിനെ അട്ടിമറിച്ച് ജാനിസ് ജെൻ

Newsroom

Resizedimage 2026 01 20 09 05 21 1


ഇന്തോനേഷ്യൻ താരം ജാനിസ് ജെൻ ഓസ്‌ട്രേലിയൻ ഓപ്പണിൽ ചരിത്രനേട്ടം കുറിച്ചു. ചൊവ്വാഴ്ച നടന്ന ഒന്നാം റൗണ്ട് മത്സരത്തിൽ കാനഡയുടെ 22-ാം സീഡ് ലെയില ഫെർണാണ്ടസിനെ 6-2, 7-6(7/1) എന്ന സ്കോറിന് അട്ടിമറിച്ചാണ് ഈ 23-കാരി രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

കഴിഞ്ഞ 28 വർഷത്തിനിടെ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒരു മത്സരം വിജയിക്കുന്ന ആദ്യ ഇന്തോനേഷ്യൻ വനിതാ താരം എന്ന അഭിമാനകരമായ നേട്ടമാണ് ജാനിസ് സ്വന്തമാക്കിയത്. ഒരു വർഷം മുൻപ് ലോക റാങ്കിംഗിൽ 413-ാം സ്ഥാനത്തായിരുന്ന ജാനിസ്, നിലവിൽ 59-ാം സ്ഥാനത്താണ്. ആ വളർച്ചയുടെ തെളിവായിരുന്നു മുൻ യുഎസ് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയായ ലെയിലയ്‌ക്കെതിരെ താരം പുറത്തെടുത്ത മിന്നും പ്രകടനം.


മത്സരത്തിന്റെ ആദ്യ സെറ്റ് വെറും 36 മിനിറ്റിനുള്ളിൽ ജാനിസ് സ്വന്തമാക്കി. തുടക്കത്തിൽ തന്നെ ബ്രേക്ക് പോയിന്റുകൾ നേടി 3-1 ന് മുന്നിലെത്തിയ താരം ആദ്യ സെറ്റിൽ പൂർണ്ണ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ ലെയില ശക്തമായി തിരിച്ചടിച്ചെങ്കിലും ടൈബ്രേക്കറിൽ പതറാതെ കളിച്ച ജാനിസ് വിജയം ഉറപ്പാക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ യുഎസ് ഓപ്പണിൽ വെറോണിക്ക കുഡെർമെറ്റോവയെ തോൽപ്പിച്ചതിന് പിന്നാലെ ജാനിസ് സ്വന്തമാക്കുന്ന മറ്റൊരു വമ്പൻ വിജയമാണിത്. 2004-ന് ശേഷം ഒരു ഗ്രാൻഡ്‌സ്ലാം പ്രധാന ഡ്രോയിൽ കളിക്കുന്ന ആദ്യ ഇന്തോനേഷ്യൻ താരം കൂടിയാണ് ഇവർ.