കോഹ്ലിയുടെ പോരാട്ടം മതിയായില്ല!! 37 വർഷത്തിന് ശേഷം ന്യൂസിലൻഡ് ഇന്ത്യയിൽ ഏകദിന പരമ്പര സ്വന്തമാക്കി!!

Newsroom

Resizedimage 2026 01 18 21 07 01 2

ന്യൂസിലൻഡിന് എതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 338 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296ന് ഓളൗട്ട് ആയി. വിരാട് കോഹ്ലിയുടെ വീരോചിത സെഞ്ച്വറി ആണ് ഇന്ത്യക്ക് കരുത്തായത്. പക്ഷെ വിജയത്തിൽ എത്താൻ ഇത് മതിയായില്ല. ഇതോടെ പരമ്പര 2-1ന് സ്വന്തമാക്കാൻ ന്യൂസിലൻഡിന് ആയി.

Resizedimage 2026 01 18 21 07 02 3

ഇന്ത്യയുടെ ചെയ്സ് അത്ര മികച്ച രീതിയിൽ ആയിരുന്നില്ല ആരംഭിച്ചത്. കോഹ്ലി അല്ലാതെ മുൻ നിര ബാറ്റർമാർ എല്ലാം പതറി. രോഹിത്, ഗിൽ, രാഹുൽ, ശ്രേയസ് എന്നിങ്ങനെ ആർക്കും തിളങ്ങാൻ ആയില്ല. ഒരു ഘട്ടത്തിൽ 71-4 എന്ന നിലയിലേക്ക് ഇന്ത്യ പതറി. അവിടെ നിന്ന് നിതീഷിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയുടെ ഇന്നിംഗ്സ് പടുത്തു. നിതീഷ് റെഡ്ഡി 53 റൺസ് എടുത്ത് പുറത്തായി.

നിതീഷിന് ശേഷം വന്ന ജഡേജ പെട്ടെന്ന് പുറത്തായി. പിന്നെ വാലറ്റം മാത്രമായി കോഹ്ലിക്ക് കൂട്ട്. ഹർഷിത് റാണ പക്വതയോടെ ബാറ്റു ചെയ്തു. 40ആം ഓവറിൽ കോഹ്ലി തന്റെ സെഞ്ച്വറിയിൽ എത്തി. 91 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി. പിന്നെ ഇന്ത്യക്ക് വേണ്ടത് 10 ഓവറിൽ 108 ആയിരുന്നു.

ഹർഷിത് തകർപ്പൻ ഫിഫ്റ്റി തന്നെ നേടി. 43 പന്തിൽ 52 റൺസ് നേടാൻ താരത്തിനായി. ഇന്ത്യ 277-7. പിന്നെ 38 പന്തിൽ 61 ആയിരുന്നു വേണ്ടിയിരുന്നത്. പിന്നാലെ സിറാജ് ഔട്ട് ആയി. എങ്കിലും കോഹ്ലി പൊരുതി. 5 ഓവറിൽ 54 വേണമായിരുന്നു ഇന്ത്യക്ക്. എന്നാൽ 46ആം ഓവറിൽ കോഹ്ലി വീണു. 124 റൺസ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.



നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. ഡാരിൽ മിച്ചൽ (131 പന്തിൽ 137), ഗ്ലെൻ ഫിലിപ്സ് (88 പന്തിൽ 106) എന്നിവരുടെ തകർപ്പൻ സെഞ്ച്വറികളാണ് കിവികളെ മികച്ച സ്കോറിലെത്തിച്ചത്.

Resizedimage 2026 01 18 17 15 52 2


മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ ആധിപത്യം പുലർത്തിയിരുന്നു. ആദ്യ ഓവറിൽ തന്നെ ഹെൻറി നിക്കോൾസിനെ പൂജ്യത്തിന് പുറത്താക്കി അർഷ്ദീപ് സിംഗ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. തൊട്ടുപിന്നാലെ ഡെവൺ കോൺവെയെ (5) പുറത്താക്കി ഹർഷിത് റാണയും തിളങ്ങിയതോടെ ന്യൂസിലൻഡ് 5 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ തകർന്നു. വിൽ യങ്ങിനെ (30) കൂടി പുറത്താക്കിയതോടെ ന്യൂസിലൻഡ് 58-ന് 3 എന്ന നിലയിലേക്ക് വീണു.


എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മിച്ചലും ഫിലിപ്സും ചേർന്ന് 219 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിച്ചു. മിച്ചൽ 15 ഫോറുകളും 3 സിക്സറുകളും അടിച്ചപ്പോൾ, ഫിലിപ്സ് 9 ഫോറുകളും 3 സിക്സറുകളും നേടി. ഒടുവിൽ 44-ാം ഓവറിൽ അർഷ്ദീപും സിറാജും ചേർന്നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.


ഇന്ത്യക്കായി അർഷ്ദീപ് സിംഗും ഹർഷിത് റാണയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‌വെൽ (28*) നടത്തിയ വെടിക്കെട്ട് പ്രകടനം സ്കോർ 330 കടക്കാൻ സഹായിച്ചു.