അൽകാരസിന് ഉജ്ജ്വല തുടക്കം; ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദം വാൾട്ടനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ

Newsroom

Resizedimage 2026 01 18 18 53 05 1


സ്‌പാനിഷ് ടെന്നീസ് സൂപ്പർ താരം കാർലോസ് അൽകാരാസ് 2026-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ വിജയകരമായ തുടക്കം കുറിച്ചു. മെൽബൺ പാർക്കിലെ റോഡ് ലാവർ അരീനയിൽ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ആദം വാൾട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് 22-കാരനായ അൽകറാസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്കോർ: 6-3, 7-6(2), 6-2.

ലോക ഒന്നാം നമ്പർ താരത്തിന് 81-ാം റാങ്കുകാരനായ വാൾട്ടനിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും തന്റെ പരിചയസമ്പത്തും കരുത്തും കൊണ്ട് താരം വിജയം പിടിച്ചെടുത്തു. മത്സരത്തിലുടനീളം എട്ട് എയ്‌സുകളും 38 വിന്നറുകളും അടിച്ചുകൂട്ടിയ അൽകറാസ്, ആദ്യ സെറ്റ് 6-3 ന് സ്വന്തമാക്കി ആധിപത്യം സ്ഥാപിച്ചു. എന്നാൽ രണ്ടാം സെറ്റിൽ വാൾട്ടൻ കടുത്ത പോരാട്ടം കാഴ്ചവെച്ചു. ഒരു ഘട്ടത്തിൽ 3-1 ന് മുന്നിലായിരുന്ന വാൾട്ടനെ ടൈബ്രേക്കറിലൂടെയാണ് അൽകറാസ് കീഴടക്കിയത്. ടൈബ്രേക്കറിൽ 7-2 ന് വിജയിച്ച് രണ്ടാം സെറ്റും സ്വന്തമാക്കിയതോടെ താരം ആത്മവിശ്വാസം വീണ്ടെടുത്തു. മൂന്നാം സെറ്റിൽ പൂർണ്ണ ആധിപത്യം പുലർത്തിയ അൽകറാസ് 6-2 ന് സെറ്റും മത്സരവും അവസാനിപ്പിച്ചു. ദീർഘകാലമായി കൂടെയുണ്ടായിരുന്ന പരിശീലകൻ യുവാൻ കാർലോസ് ഫെറേറോയുമായി പിരിഞ്ഞ ശേഷമുള്ള അൽകറാസിന്റെ ആദ്യ പ്രധാന ടൂർണമെന്റാണിത്.